Madhavam header
Above Pot

കവർച്ചാ സംഘം തലവനെ പോലീസ് അറസ്റ്റുചെയ്ത് വിലങ്ങണിയച്ചു , സുഹൃത് സംഘം വിലങ്ങോടെ രക്ഷപ്പെടുത്തി .

ഗുരുവായൂര്‍: പോലീസ് അറസ്റ്റുചെയ്ത് വിലങ്ങണിയച്ച പ്രതിയെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മോചിപ്പിച്ചു. പ്രതിയെ സംരക്ഷിച്ച കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറേനട കൃഷ്ണവിഹാറില്‍ ആനന്ദിനേയാണ് (20) ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാന്ദകൃഷ്ണനും, സംഘവും അറസ്റ്റുചെയ്തത്. ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഹൈവേ പിടിച്ചുപറി കേസിലും, മറ്റ് നിരവധി കേസുകളിലും പ്രതിയായ ചാവക്കാട് മണത്തല കൊപ്രവീട്ടില്‍ ഫസലു (35)വിനെ മോചിപ്പിച്ച കേസിലാണ് ആനന്ദ് അറസ്റ്റിലായത്.

മുതുവട്ടൂര്‍ ചെറ്റിയാലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തില്‍ പങ്കെടുക്കാന്‍ ഫസലു ഗുരുവായൂരിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ചാലക്കുടി നിഴല്‍പോലീസ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ സാഹായത്തോടെ സംഭവ സ്ഥലത്തെത്തിയത്. മുതുവട്ടൂര്‍ ചെട്ട്യാലക്കല്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരു സംഘടന കൊണ്ടുവരുന്ന ആഘോഷത്തിനൊപ്പം നീങ്ങിയിരുന്ന ഫസലുവിനെ പൊലീസ് പിടികൂടി വിലങ്ങണിയിച്ചെങ്കിലും, ആഘോഷത്തില്‍ പങ്കെടുത്തിരുന്ന 25-ഓളം പേര്‍ വരുന്ന സംഘം പൊലീസിനെതിരെ തിരിയുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെ മുതുവട്ടൂരിലെ ഗവ:ഹൈസ്‌ക്കൂളിന് സമീപംവെച്ചാണ് സംഭവം. വളരെ തന്ത്രപൂര്‍വ്വം പോലീസ് പിടികൂടി പ്രതിയെ വിലങ്ങണിയിച്ചു. എന്നാല്‍ ഗുണ്ടാസംഘ നേതാവായ ഫസലുവിനെ സംഘംചേര്‍ന്ന് പോലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ വിലങ്ങോടെ പ്രതി രക്ഷപ്പെടുന്നത് തികച്ചും നിസ്സഹായതോടെ നോക്കിനില്‍ക്കാനെ പോലീസിന് കഴിഞ്ഞുള്ളു. സംഭവത്തെ കുറിച്ച് ചാലക്കുടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25-ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: പ്രേമാന്ദകൃഷ്ണന്‍ പറഞ്ഞു

Vadasheri Footer