ദളിത് യുവാവിനെ അകാരണമായി ചാവക്കാട് പോലീസ് തല്ലി ചതച്ചെന്ന് ആക്ഷേപം

ഗുരുവായൂര്‍: പട്ടിക ജാതിയില്‍പ്പെട്ട യുവാവിനെ ചാവക്കാട് പോലീസ് അകാരണമായി തല്ലി ചതച്ചതായി ദളിത് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുംഭഭരണി കണ്ട് മടങ്ങി വരുമ്പോള്‍ രാത്രി ഒന്നരയ്ക്ക് എതിര്‍ദിശയിലൂടെ വാഹനമോടിച്ച് വന്ന ചാവക്കാട് പോലീസാണ്, പാലുവായ് കുന്നത്തുപടി സ്വദേശി വേലായുധന്റെ മകനും, കാവീട് പോസ്‌റ്റോഫീസിലെ താല്‍ക്കാലിക ജീവനക്കാരനുമായ ദളിത് യുവാവായ സുധീഷിനെ അകാരണമായി മര്‍ദ്ദിച്ച് അവശനാക്കിയതെന്ന് ദളിത് ആദിവാസി ഇന്റിപെന്റന്റ് സോഷ്യല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റോഡില്‍നിന്നും വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടുപോയും ക്രൂരമര്‍ദ്ദനം തുടര്‍ന്നതായും ഭാരവാഹികള്‍ ആരോപിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ സുധീഷിന്റെ മുന്‍നിരയിലെ രണ്ടുപല്ലുകള്‍ പൊട്ടിപോയി. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സുധീഷ് ചികിത്സയിലായിരുന്നു. കംഭഭരണി ദിവസം ക്ഷേത്രപരിസരത്ത് നടന്ന അക്രമസംഭവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് സുധീഷിനെ ജീപ്പ് ഓടിച്ച പോലീസുകാരനും, കൂടേയുള്ള പോലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചവശനാക്കിയത്. അവിടെ നടന്ന അക്രമ സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞതൊന്നും പോലീസ് ചെവിക്കൊണ്ടില്ലെന്നും മര്‍ദ്ദനത്തിനിരയായ സുധീഷ് പറഞ്ഞു.

അക്രമസംഭവവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ പിടികൂടിയ ശേഷം പറ്റേന്ന് രാവിലെ പറഞ്ഞുവിടുകും ചെയ്തു. ഇക്കാര്യത്തില്‍ കുറ്റക്കാരായ പോലീസ് നഷ്ടപരിഹാരം നല്‍കണമെന്നും, കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനായി സംസ്ഥാന പട്ടികജാതി കമ്മീഷന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി കൊടുത്തതായും ദളിത് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം ദളിത് ആദിവാസി ഇന്റിപെന്റന്റ് സോഷ്യല്‍ സംഘടന ശക്തമായ പ്രക്ഷോപ പരിപാടികളും, നിയമപോരാട്ടവും നടത്താന്‍ തീരുമാനിച്ചതായി ദളിത് ആദിവാസി ഇന്റിപെന്റന്റ് സോഷ്യല്‍ ഭാരവാഹികളായ ജില്ല പ്രസിഡണ്ട് പ്രകാശന്‍ അറയ്ക്കല്‍, സംസ്ഥാന കമ്മറ്റിയംഗം മനോജ് തെക്കുംതല, ജില്ല കമ്മറ്റിയംഗം ബാബു ചാട്ടുകുളം ഗണേശ് കളത്തിങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.