ഈ വർഷവും ടൌൺ ഹാൾ ഇല്ല , ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു ,

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ 2021- 22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു .93.83 കോടി രൂപ വരവും 91.58 കോടി രൂപ ചെലവും 2.24 കോടി നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്ക് അവതരിപ്പിച്ചത്. പി.എം.എ.വൈ.,ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ പേര്‍ക്കും വീട് നിര്‍മിക്കാന്‍ ധനസഹായം നല്‍കും. ഭൂരഹിതര്‍ക്ക് സ്ഥലം വാങ്ങാന്‍ രണ്ട് കോടി നീക്കിവെക്കും. അതെ സമയം ചാവക്കാട് നിവാസികളുടെ ചിരകാല ആവശ്യമായ ടൗൺ ഹാൾ നിർമാണത്തെ കുറിച്ച് ബജറ്റ് മൗനം പാലിച്ചു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുവത്ര മുട്ടിലില്‍ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ ഏഴ് കോടി വകയിരുത്തി. പരപ്പില്‍ത്താഴത്ത് നഗരസഭ ഏറ്റെടുത്ത ഭൂമിയില്‍ സ്‌റ്റേഡിയം നിര്‍മിക്കും. സ്റ്റേഡിയം വികസനത്തിനായി ഒന്നര ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി വകയിരുത്തി.നഗരസഭയിലെ പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. കടലാമസംരക്ഷണത്തിനായി സ്ഥിരം ഹാച്ചറി സംവിധാനം ഏര്‍പ്പെടുത്തും.

കാര്‍ഷിക പദ്ധതികള്‍ക്ക് രണ്ട് കോടി, മൃഗസംരക്ഷണത്തിന് രണ്ട് കോടി, പ്രാദേശിക സാമ്പത്തികവികസനത്തിനും ചെറുകിട വ്യവസായത്തിനും മൂന്ന് കോടി,സാമൂഹ്യക്ഷേമ മേഖലയില്‍ മൂന്ന് കോടി,ആരോഗ്യ-ശുചിത്വമേഖലകളില്‍ അഞ്ച് കോടി, വിദ്യാഭ്യാസമേഖലക്ക് രണ്ട് കോടി വനിതാക്ഷേമ പദ്ധതികള്‍ക്ക് ഏഴ് കോടി, പട്ടികജാതി ക്ഷേമപദ്ധതികള്‍ക്ക് ഒരു കോടി എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ക്കായി വകയിരുത്തിയത്. ബജറ്റ് ചര്‍ച്ച ബുധനാഴ്ച നടക്കും. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി.

ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

 • തീരമേഖലയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും തീരദേശ വികസന അതോറിറ്റിയുടെയും സഹകരണത്തോടെ 50 ലക്ഷം ചെലവില്‍ ടര്‍ഫ് കോര്‍ട്ട്
 • പുത്തന്‍കടപ്പുറത്ത് മിനി ഹാര്‍ബര്‍ നിര്‍മാണം സാധ്യതാപഠനത്തിന് അഞ്ച് ലക്ഷം
 • ബ്ലാങ്ങാട് ബീച്ച് ടൂറിസം വികസനത്തിന് പുതിയ സ്ഥലം ഏറ്റെടുക്കാന്‍ അഞ്ച് കോടി
 • യുവാക്കള്‍ക്ക് നൈപുണ്യപരിശീലനത്തിന് 25 ലക്ഷം
 • കനോലികനാലിന്റെ സംരക്ഷണത്തിനും സൗന്ദര്യവത്ക്കരണത്തിനും ഇരുകരകളിലും മുളങ്കാടുകള്‍ വെച്ചുപിടിപ്പിക്കാന്‍ 25 ലക്ഷം
 • ബ്ലാങ്ങാട് ബീച്ചില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കാന്‍ 25 ലക്ഷം
 • മിടുക്കരായ ബിരുദധാരികള്‍ക്ക് സ്റ്റെപ്പെന്റായി 10,000 നല്‍കും
 • തിരുവത്ര ജി.എം.എല്‍.പി. സ്‌ക്കൂള്‍ പുതിയ കെട്ടിടം നിര്‍മാണത്തിന് രണ്ട് കോടി
 • പുളിച്ചിറക്കെട്ട് നവീകരണപദ്ധതിക്ക് 50 ലക്ഷം
 • മത്തിക്കായല്‍ ശുചീകരണത്തിനും നഗരസഭാപരിധിയിലെ കനോലികനാല്‍ ശുചീകരണത്തിനും രണ്ട് കോടി
 • പൈപ്പ്‌ലൈന്‍ എത്താത്ത പ്രദേശങ്ങളിലേക്ക് പുതിയ ലൈന്‍ വലിച്ച് കുടിവെള്ളമെത്തിക്കാന്‍ രണ്ട് കോടി
 • നഗരസഭയുടെ ഖരമാലിന്യസംസ്്ക്കരണകേന്ദ്രത്തില്‍ ആധുനികരീതിയിലുള്ള വിന്‍ഡ്രോ കംപോസിങ് പദ്ധതിക്കായി 50 ലക്ഷം
 • ചാവക്കാട് അരിമാര്‍ക്കറ്റ് മുതല്‍ വഞ്ചിക്കടവ് പാര്‍ക്ക് വരെ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം
 • കിണര്‍ റീചാര്‍ജ് പദ്ധതിക്കായി 1.5 കോടി
 • പൂക്കുളം നവീകരിച്ച് നീന്തല്‍കുളമാക്കുന്നതിന് 60 ലക്ഷം
 • ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് സ്ഥലം വാങ്ങാന്‍ 25 ലക്ഷം

. ബജറ്റ് നിർദേശങ്ങൾ അച്ചടിച്ച പുസ്തകത്തിൽ നഗര സഭക്ക് 31 കൗൺസിലർ മാർ മാത്രമാണ് ഉള്ളത് വാർഡ് 32 ലെ പ്രതിപക്ഷ കൗൺസിലർ ഷാഹിദയെ ആണ് വിട്ടു കളഞ്ഞത് . ബുധനാഴ്‌ച നടക്കുന്ന ബജറ്റ് ചർച്ചയിൽ ഇത്പ്രതിപക്ഷ ബഹളത്തിന് ഹേതുവാകും . ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ് ഈ ഗുരുതര വീഴ്ചക്ക് കാരണം എന്നറിയുന്നു