Header Saravan Bhavan

പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന ഭീഷണിപ്പെടുത്തിയ കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുക്കണം : രമേശ് ചെന്നിത്തല.

Above article- 1

തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതു സംബന്ധിച്ച പ്രിസൈഡിങ് ഓഫീസര്‍ പ്രൊഫ.കെ.ശ്രീകുമാറിന്റെ പരാതി അതീവ ഗൗരവമുള്ളതാണ്. കള്ളവോട്ട് തടയാന്‍ ബാദ്ധ്യതയുള്ള ജനപ്രതിനിധി തന്നെ കള്ളവോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്-ചെന്നിത്തല ആരോപിച്ചു.

സി.പി.എം. ശക്തികേന്ദ്രങ്ങളിലെല്ലാം വ്യാപകമായ കള്ളവോട്ട് നടക്കാറുണ്ടെന്ന് നേരത്തെ വ്യാപകമായ പരാതി ഉണ്ടായിട്ടുള്ളതാണ്. എതിര്‍ കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ച ശേഷം കള്ളവോട്ട് ചെയ്യുകയാണ് പതിവ്. ഇത് ബൂത്ത് പിടിക്കലിന് തുല്യമാണ്. ഒരു ജനപ്രതിനിധി തന്നെ അതിന് നേതൃത്വം കൊടുക്കുന്നത് നിസ്സാരമായി തള്ളാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തരവാദപ്പെട്ട ഓഫീസര്‍ തന്നെയാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഭീഷണി കാരണം അവിടെ കള്ളവോട്ട് അനുവദിക്കേണ്ടി വന്നു എന്നും പ്രസൈഡിങ് ഓഫീസര്‍ പരാതിയില്‍ പറയുന്നുണ്ട്. ഇതും വളരെ ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമാനുസൃതമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Vadasheri Footer