Above Pot

തൃശൂർ ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അടിയന്തര നടപടി

First Paragraph  728-90

തൃശൂർ : ജില്ലയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണെന്നും അസാധാരണ സാഹചര്യത്തിൽ കൂട്ടായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി എ.സി മൊയ്തീൻ. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള അടിയന്തര നടപടികൾ ജില്ലയിൽ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.

Second Paragraph (saravana bhavan

കോവിഡ് സാഹചര്യം വിശകലനം ചെയ്യുന്നതിനായി ചേർന്ന ജില്ലയിലെ എം പിമാരുടെയും എം എൽ എമാരുടെയും പൊലീസ്, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റ് ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ നിലവിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഗവ. മെഡിക്കൽ കോളേജിലുമായി 247 ഐ സി യു കിടക്കകൾ, 139 വെൻ്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ, 1423 ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ എന്നിവയുണ്ട്. പുതിയതായി 120 ഐ സി യു കിടക്കകളും 21 വെൻ്റിലേറ്ററുകളും 1400 ഓക്സിജൻ കിടക്കകളും സ്ഥാപിക്കും. സർക്കാർ മേഖലയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താൻ എൻഎച്ച്എം വഴിയോ തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ടോ നടപടി സ്വീകരിക്കാം. ഘട്ടം ഘട്ടമായി കോവിഡ് ഇതര സൗകര്യങ്ങൾ കോവിഡിനായി മാറ്റും.

നിലവിൽ ജില്ലയിൽ 50,000 ത്തോളം കോവിഡ് രോഗികളുണ്ട്. രോഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയും മൂന്നാം കോവിഡ് തരംഗ സാധ്യതയും കണക്കിലെടുത്ത് പുതിയ ഓക്സിജൻ പ്ലാൻറുകൾ നിർമ്മിക്കും. വാർഡുതല ജാഗ്രതാ സമിതികളുടെയും ആർ ആർ ടികളുടെ പ്രവർത്തനം വിപുലീകരിക്കണം. മതിലകത്ത് 800 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സജ്ജീകരിക്കും ഇതിൽ 500 എണ്ണം ഓക്സിജൻ കിടക്കകളായിരിക്കുമെന്ന് കലക്ടർ എസ് ഷാനവാസ് അറിയിച്ചു. ജനങ്ങളുടെ സഹായ സഹകരണത്തോടെ കോവിഡ് ചികിത്സാ സൗകര്യം മെച്ചപ്പെടുത്താൻ ശ്രമിക്കും.

ജില്ലയിലെ 26 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. 86% മുകളിൽ ടി പി ആർ ഉള്ള പഞ്ചായത്തുകളുമുണ്ട്. മൂന്ന് മുനിസിപ്പാലിറ്റികളിൽ കോവിഡ് രോഗികൾ 500 ന് മുകളിലാണ്. 72 പഞ്ചായത്തുകൾ നിലവിൽ കണ്ടെയ്ൻമെൻ്റ് സോണാണ്. ചില പഞ്ചായത്തുകളിലെ വലിയ തോതിലുള്ള രോഗവ്യാപനം മുൻകാലങ്ങളിലെ ജാഗ്രത കൈമോശം വന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് നൽകും. ജില്ലയിൽ ഇനിയും ജനകീയ ഹോട്ടലുകൾ ആരംഭിക്കാത്ത സ്ഥലങ്ങളിൽ ഉടൻ അവ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കണ്ടെയ്ൻമെൻറ് സോണിൽ അവശ്യസാധനങ്ങൾ ആർ ആർ ടികൾ വഴി വീടുകളിൽ എത്തിച്ചു നൽകും. കോവിഡ് രോഗികൾ, ക്വാറൻ്റൈനിൽ കഴിയുന്നവർ എന്നിവർക്ക് ഗ്യാസ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ ആശാവർക്കർമാർ ഉൾപ്പെടെ മുൻകൈ എടുക്കണം.
മഴക്കാലപൂർവ്വ ശുചീകരണവും ഇതോടൊപ്പം നടത്തണമെന്നും മഴക്കാല രോഗങ്ങൾ തടയാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ പൊതുവായ പ്രശ്നങ്ങൾ എംപിമാരായ ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എന്നിവർ യോഗത്തിൽ ഉന്നയിച്ചു.
കണ്ടെയ്ൻമെൻ്റ് സോണുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നും നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി തുടർന്നും മുന്നോട്ടുപോകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയും റൂറൽ എസ്പി ജി പൂങ്കുഴലിയും പറഞ്ഞു.
ജില്ലയിൽ കൂടുതൽ വാക്സിൻ അനിവാര്യമാണെന്ന് ഡിഎംഒ ഡോ കെ ജെ റീന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ചീഫ് വിപ്പ് കെ. രാജൻ, എം എൽ എ മാരായി തിരഞ്ഞെടുക്കപ്പെട്ട
മുരളി പെരുന്നെല്ലി, ഇ ടി ടൈസൻ മാസ്റ്റർ, പ്രൊഫ. ആർ ബിന്ദു, എൻ കെ അക്ബർ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് മാസ്റ്റർ, മേയർ എം എം വർഗീസ്, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി വി സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.