Madhavam header
Above Pot

തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്ക് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാക്കി : കോണ്‍ഗ്രസ്

ചാവക്കാട്: തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്ക് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനായി ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ വിലയിരുത്തല്‍. കോവിഡ് കാലത്തെ ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷനും രാഷ്ട്രീയ നേട്ടത്തിനായി എല്‍.ഡി.എഫ്.ഉപയോഗിച്ചതും മറ്റ് ചില ഘടകങ്ങളും പരാജയത്തിന് കാരണമായെന്ന് യോഗം വിലയിരുത്തി. പരാജയം വലിയ പാഠമായി ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാന്‍ വേണ്ട നടപടി സ്വീകരിക്കാനും നിര്‍ജീവമായ പാര്‍ട്ടിയുടെ ചില ഘടകങ്ങളെ പുനസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സ്ഥാനമാനങ്ങള്‍ നേടി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയശത്രുക്കളുമായി കൂട്ടുചേര്‍ന്ന നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.എ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച മൂന്നിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ചേരും. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.വേണുഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ അധ്യക്ഷനായി.

Vadasheri Footer