Madhavam header
Above Pot

താനൊഴിച്ച് എല്ലാവര്‍ക്കും പ്രത്യേകമാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അര്‍ത്ഥമെന്തെന്ന് ജനങ്ങൾ മനസിലാക്കണം : ചെന്നിത്തല

തിരുവനന്തപുരം: താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴും നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ ലൈഫ്മിഷന്‍ ഇടപാടിന്റെ ധാരണാപത്രം ഇന്നലെ രാത്രി തനിക്ക് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി താന്‍ രാജിവെക്കുകയാണെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണാപത്രത്തിന്റെ കോപ്പി ഇന്നലെ രാത്രിയോടെ ചെന്നിത്തലക്ക് ലഭിച്ചത്.

Astrologer

ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മം എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേസില്‍ പങ്കാളിയായി നില്‍ക്കുന്നു. മന്ത്രിസഭയിലെ ഒരംഗത്തെ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. 

പത്ര സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രി എന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാന ചരിത്രത്തില്‍ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ കാര്യത്തില്‍ സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ ഫലപ്രദമല്ലെന്നാണ് പുതിയ കേസ് നിരക്ക് കാണിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ടെസ്റ്റുകള്‍ കുറഞ്ഞത് കൊണ്ടാണ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുകയറുന്നത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Vadasheri Footer