കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനെത്തിയ യുവതിയെ അപമാനിച്ച രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ
ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിപ്പിച്ച് യുവതിയെ മര്‍ദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . മണത്തല ബീച്ച് കൂഞ്ഞാടത്ത് സഗീര്‍ സാബ്രി (34), സുഹൃത്ത് ഒരുമനയൂര്‍ മമ്മസ്രായില്‍ കാക്കാക്കില്ലത്ത് നൗഷാദ് (40) എന്നിവരെയാണ് ചാവക്കാട് സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പഴുവില്‍ സ്വദേശിയായ 32-കാരിയുടെ പരാതിയിലാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെയാണ് ,സഗീറും യുവതിയും ഒരു കൊല്ലമായി അടുപ്പത്തിലായിരുന്നു . ഈ കാലയളവിലാണ് പലപ്പോഴായി യുവതിയില്‍ നിന്ന് സഗീര്‍ പണം കടം വാങ്ങിയത്.പലപ്പോഴായി മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.എന്നാല്‍ ഇത്രയും തുകയില്ലെന്നാണ് സഗീര്‍ പോലീസിനോട് പറഞ്ഞത്.ഈ തുക തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം യുവതിയെ സഗീര്‍ മണത്തല ബീച്ചിലെ തന്റെ വീട്ടിലേക്ക് വിളിപ്പിച്ചത്.സഗീറിനൊപ്പം സുഹൃത്ത് നൗഷാദും വീട്ടിലുണ്ടായിരുന്നു.
വീട്ടിലെത്തിയ യുവതിയെ സഗീറും നൗഷാദും ചേര്‍ന്ന് മര്‍ദ്ദിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറിയെന്നുമാണ് പരാതി.കടം വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയുമായി പാലക്കാട് സ്വദേശിയായ ഒരു യുവതിയും സഗീറിനെതിരെ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.എസ്.ഐ. കെ.ജി. ജയപ്രദീപ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.