Above Pot

കനോലി കനാലിൽ മുങ്ങി മരിച്ച സഹോദര പുത്രന്മാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

ചാവക്കാട്: തൃപ്രയാറിനടുത്ത് കനോലികനാലില്‍ മുങ്ങിമരിച്ച സഹോദര പുത്രന്മാരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി .ചാവക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന തെക്കഞ്ചേരിയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നഗരം ഒഴുകിയെത്തി .
തിങ്കളാഴ്ചയാണ് നാടിനെ കണ്ണീരിലാഴ്ത്തി ചാവക്കാട് തെക്കഞ്ചേരിക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ പെരിങ്ങോട്ടുകര താന്ന്യത്ത് കനോലികനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. ചാവക്കാട് തെക്കഞ്ചേരി കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ്, ഗോപിയുടെ സഹോദരന്‍ ശശിയുടെ മകന്‍ ഋഷികേശ് എന്നിവരാണ് മരിച്ചത്.തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12.30-ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെക്കഞ്ചേരിയിലെ അടുത്തടുത്തുള്ള വീടുകളിലെത്തിച്ചു.ശവസംസ്‌ക്കാരത്തിനായി എടുക്കുന്നതു വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ അടുത്തടുത്തായി പൊതുദര്‍ശനത്തിന് കിടത്തി. ഗോവിന്ദിനെയും ഋഷികേശിനെയും അവസാനമായി ഒരു നോക്കു കാണാന്‍ വന്‍ ജനപ്രവാഹമാണ് തെക്കഞ്ചേരിയിലെ വീടുകളിലേക്ക് ഒഴുകിയെത്തിയത്.പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. ഗോവിന്ദിന്റെയും ഋഷികേശിന്റെയും ചേതനയറ്റ ശരീരം കണ്ട് ഇരുവരും പഠിക്കുന്ന വലപ്പാട് മായ കോളേജിലെ സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ ദുഖം നിയന്ത്രിക്കാനാവാതെ സഹപാഠികളില്‍ പലരും പൊട്ടിക്കരഞ്ഞു.ഉച്ചക്ക് രണ്ടോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ രണ്ടിടത്തായി സംസ്‌ക്കരിച്ചു.

First Paragraph  728-90