ചാവക്കാട് മേഖലയിൽ എൽ ഡി എഫിന് മികച്ച മുന്നേറ്റം

ചാവക്കാട് : ചാവക്കാട് മേഖലയിൽ എൽ ഡി എഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു . ചാവക്കാട് നഗര സഭ ഭരണം നിലനിറുത്തിയതിനൊപ്പം ഒരുമനയൂർ ,പുന്നയൂർ എന്നീ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിൽ വടക്കേകാട് ഡിവിഷനും പിടിച്ചെടുത്തു . മുസ്ലിം ലീഗിന്റെ കോട്ട എന്നവകാശ പ്പെടുന്ന കടപ്പുറം പഞ്ചായത്തിൽ നേരിയ ഭൂരിപക്ഷത്തിൽ ആണ് യു ഡി എഫ് ഭരണം നിലനിറുത്തിയത് . അത് പോലെത്തന്നെ കോൺഗ്രസിന് ആധിപത്യമുള്ള വടക്കേകാടും നേരിയ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് ഭരണം നില നിറുത്തിയത് . ചാവക്കാട് ബ്ളോക് പഞ്ചായത്ത് ഭരണവും യു ഡി എഫ് നില നിറുത്തി .

സൈന്യാധിപൻ ഇല്ലാതെ യുദ്ധത്തിന് ഇറങ്ങിയ പടയാളികളുടെ അവസ്ഥയായിരുന്നു ചാവക്കാട് നഗര സഭയിൽ കോൺഗ്രസ് പ്രവർത്തകർ നേരിട്ടത് . കോൺഗ്രസ് ജില്ലാ സെക്രട്ടറി ഒളിവിൽ കഴിഞ്ഞാണ് പുന്ന ആറാം വാർഡിൽ മത്സരിച്ചത് . മുൻ വനിത കൗൺസിലറെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയിൽ ഹൈക്കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചതോടെ നവ മാധ്യമങ്ങൾ വഴിയായിരുന്നു വോട്ട് അഭ്യർത്ഥന . കോൺഗ്രസ് കൗൺസിലർ ആയിരുന്ന യുവതിയുമായി ചർച്ച ചെയ്ത പ്രശ്‌നത്തിന് പരിഹാരം കാണാൻ ജില്ലാ നേതൃത്വവും തയ്യാറായില്ല .ഭരണം പിടിക്കണമെന്ന ആഗ്രഹം ജില്ലാ, ബ്ളോക് നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നില്ല ,ചില വാർഡുകളിലെങ്കിലും ലീഗും കോൺഗ്രസും പരസ്പരം കാല് വാരിയതോടെ യു ഡി എഫ് തകർന്ന് തരിപ്പണമായി .

ഇതിനു പുറമെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യു ഡി എഫി നു ബാധ്യതയായി മാറുകയും ചെയ്തു അപ്പുറത്താണെങ്കിൽ സ്ഥാനാർഥി നിർണയത്തോടനുബന്ധിച്ച് സി പി എമ്മിൽ ഉയർന്ന അപ ശബ്ദങ്ങളെ എല്ലാം അടിച്ചൊതുക്കി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് രംഗത്ത്‌ സജീവമാകുന്ന കാഴ്ചയാണ് കണ്ടത് .ചാവക്കാടിന്റെ പടിഞ്ഞാറൻ മേഖലയിൽ സിപി എമ്മിനുള്ള ആധിപത്യം കൂടുതൽ സീറ്റുകളിൽ വിജയിച്ചു വരാൻ അവരെ സഹായിച്ചു .അതിഥി സ്ഥാനാർഥികളായി വാർഡ് 21 ൽ മത്സരിച്ച രഞ്ചിത് ഒരു വോട്ടിനാണ് ബി ജെ പി യെ പരാജയപ്പെടുത്തിയത് . പുളിച്ചിറകെട്ടു ഈസ്റ്റ് വാർഡിൽ ഷീജ പ്രശാന്ത് മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത് . ഇടതുപക്ഷത്തിന്റെ ചെയർ മാൻ സ്ഥാനാർത്ഥിയാണ് ഷീജ പ്രശാന്ത് .