അശാസ്ത്രീയ ബഹുനില കെട്ടിട നിർമാണം, സമീപത്തെ വീട് അപകടത്തിലാക്കിയെന്ന്
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്തെ അശാസ്ത്രീയമായ രീതിയിലുള്ള ബഹുനില കെട്ടിട നിര്‍മ്മാണം സമീപത്തെ വീടിനും തൊട്ടടുത്ത കെട്ടിടത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി പ്രവാസി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .
യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയുള്ള ബഹുനില കെട്ടിട നിര്‍മ്മാണം തന്റെ വീടിനും സഹോദരന്റെ കെട്ടിടത്തിനും വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് തൈക്കണ്ടിപ്പറമ്പില്‍ ജലീല്‍ പറഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഒമാനിലെ ഇന്ത്യന്‍ എംബസി മേഖേന അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചാവക്കാട് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി അടക്കമുള്ളവര്‍ ഇടപെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ നിര്‍മ്മാണം തുടങ്ങാന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിനു വിപരീതമായി നിര്‍മ്മാണം തുടങ്ങി. ഇതോടെ വീണ്ടും പരാതി നല്‍കി. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകായാണ്.
അശാസ്ത്രീയമായ ബഹുനില കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് തന്റെ വീടിന്റെയും സഹേദരന്റെ കെട്ടിടത്തിന്റെയും ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചെന്നും രാഷ്ട്രീയ സ്വാധീനവും സര്‍ക്കാര്‍ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു