രണ്ടംഗ ബൈക്ക് മോഷ്ടാക്കളും, മോഷണ വസ്തു വാങ്ങിയിരുന്ന ആക്രികട ഉടമയും അറസ്റ്റിൽ.
ചാവക്കാട് : രണ്ടംഗ ബൈക്ക് മോഷ്ടാക്കളും മോഷണ വസ്തു വാങ്ങിയിരുന്ന ആക്രി കട ഉടമയും അറസ്റ്റിൽ. കുന്നംകുളം കല്ലഴിക്കുന്നു സ്വദേശി പൂവന്തൻ വീട്ടിൽ മോഹനൻ മകൻ വിഷ്ണു ജിത്ത് (19), എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുക്കിലപ്പീടികയിൽ സലീമിന്റെ മകൻ മുഹമ്മദ് അക്മൽ (19), എന്നിവരെ ബൈക്ക് മോഷ്ടിച്ചതിന്റെ പേരിലും മോഷണ മുതൽ വാങ്ങി സഹായിച്ച കുന്നംകുളം വടക്കാഞ്ചേരിലെ റോഡിലെ ആക്രിക്കട ഉടമ പട്ടാമ്പി ഓമല്ലൂർ പുഴക്കൽ വീട്ടിൽ മുഹമ്മദ് മകൻ ശിഹാബ് (23)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ആറോളം ബൈക്കുകൾ ഇവർ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.
വിഷ്ണു ജിതിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയിരുന്നത്. ഇയാൾ കഞ്ചാവിന് അടിമയാണെന്നു പറയുന്നു. മോഷ്ടിച്ച ബൈക്കുകൾ വിൽക്കാനായില്ലെങ്കിൽ ഏതെങ്കിലും കുളത്തിൽ ഉപേക്ഷിക്കാറാണ് പതിവ്. സഹോദരിയുടെ ഭർത്താവ് സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിലുള്ള ദേഷ്യം തീർക്കാൻ കേച്ചേരിയുള്ള സഹോദരീ ഭർത്താവിന്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കല്ലഴിക്കുന്നിലുള്ള നാലാൾ താഴ്ചയുള്ള കുളത്തിൽ ഉപേക്ഷിച്ചു. കുളത്തിൽ ഉപേക്ഷിച്ച ബൈക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചാവക്കാട് സി ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ കെ ജി ജയ പ്രദീപ്, എ എസ് ഐ അനിൽ മാത്യു, സാബുരാജ്, സി പി ഒ മാരായ അനീഷ്, മിഥുൻ, ജോഷി എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.