മണ്ണാർക്കാട് വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്..
പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാർത്ഥിയെ ശുപാർശ ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ. നേരത്തെ സിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാർക്കാട് കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാർത്ഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നുമാണ് ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ അതേ സമയം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച് അറിവില്ലെന്നുമാണ് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്. കത്തിനെ കുറിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തയ്യാറായിട്ടില്ല. അതേ സമയം മത്സരിക്കാൻ താൽപര്യമുണ്ടെന്നെന്ന് ഐസക്ക് വർഗീസ് പ്രതികരിച്ചു. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് കൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താൻ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.