സ്ത്രീത്വത്തെ അപമാനിച്ചതിന് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.കേസില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. സുധാകരന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.
2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്.
അന്ന് സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തന്റെ മുന്‍പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ വനിതക്കെതിരെ മന്ത്രിമോശമായി സംസാരിച്ചു എന്നാണ് ആരോപണം.സിപിഐഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ ഇവരെ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മന്ത്രിയുടെ നടപടിക്കെതിരെ ഇവര്‍ ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.തുടര്‍ന്ന് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഇപ്പോള്‍ മന്ത്രിക്കെിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനിടെ പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് സാലി മന്ത്രിക്കെതിരെ യുടെ ആരോപണവുമായി രംഗത്ത് എത്തി . അനാവശ്യമായ വാക്കുകള്‍ ഉപോയഗിച്ച് സ്ത്രീതത്വ അപമാനിക്കുന്ന രീതിയിലായിരുന്നു മന്ത്രി സംസാരിച്ചത്. സംഭവം നടക്കുന്നതിനിടെ ഭാര്യ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ സംഭാഷണം സ്വന്തം ഫോണില്‍ റോക്കോര്‍ഡ് ചെയ്തിരുന്നെന്നും സാലി പറഞ്ഞു.
എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളാണ് നീ. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഈ പരിപാടി പൊളിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞു കൊണ്ടാണ് താന്‍ വന്നതെന്നും മന്ത്രി പറഞ്ഞതായി സാലി പറയുന്നു. കൂടാതെ ഏരിയ സെക്രട്ടറിയുടെ അടുത്ത് ഇവളെ ഇപ്പോഴും പാര്‍ട്ടിയില്‍ വച്ചോണ്ട് ഇരിക്കുകയാണോ. ഇവളെ പാര്‍ട്ടിയില്‍ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറുമെന്ന് മന്ത്രി പറഞ്ഞു.
എന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവളാണ് ഇവള്‍, സാരി ഉടുത്ത് ഇറങ്ങി അവിടെ കാണിക്കുന്നത് മറ്റേ പണിയായണെന്നും മന്ത്രി പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ഇരുപതിനായിരവും മുപ്പതിനായിരവും വാങ്ങി വിഴുങ്ങിയവളാണ് ഇവള്‍. ഇവളുടെ മകളെ കെട്ടിച്ചത് എന്റെ പണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഭാര്യ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. നിങ്ങളും ഭര്‍ത്താവും കൂടെ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയെ മകളുടെ കല്ല്യാണത്തിന് മന്ത്രി എത്തിയിരുന്നില്ലെന്നും തലേദിവസം വന്ന് 500 രൂപ സംഭാവന നല്‍കി പോകുകയായിരുന്നുവെന്നും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എന്നേയും ഭാര്യയേയും കുറിച്ച് പൊതു വേദിയില്‍ അപവാദം പറഞ്ഞതെന്നും സാലി ആരോപിച്ചു.