ഒരു ദളിത് പെൺകുട്ടിക്ക് പിരിവിട്ട് കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും: വി ടി ബലറാം
ഗുരുവായൂർ : ആലത്തൂർ എംപി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാറ് വാങ്ങിക്കൊടുക്കുന്നതിനെ വിമർശിക്കുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എംഎൽഎ. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.രണ്ട് വോയിൽ സാരി കടമായി കൊടുക്കണം എന്ന കത്ത് നമ്പൂതിരിപ്പാട് എഴുതിയാൽ അത് ലാളിത്യവും വിനയവും. കടബാധ്യതയുള്ള ഒരു ദളിത് പെൺകുട്ടിക്ക് സഹപ്രവർത്തകർ പിരിവിട്ട് ഒരു കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും ആണെന്നും അദ്ദേഹം പരിഹസിച്ചു.
രമ്യയ്ക്ക് സഞ്ചരിക്കാൻ കാർ വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയായിരുന്നു തീരുമാനിച്ചത്. ജൂലൈ 25 നകം പിരിവ് പൂർത്തിയാക്കാനാണ് കമ്മറ്റികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ബൂത്തു കമ്മിറ്റികൾ പിരിക്കുന്ന പണം നൽകി വാങ്ങുന്ന കാറിന്റെ താക്കോൽ ഓഗസ്റ്റ് 9 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുമെന്നാണ് അറിയിച്ചത്. സംഭവം വിവാദമായതോടെ രമ്യ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. പിരിവിൽ തെറ്റൊന്നുമില്ലെന്നായിരുന്നു രമ്യ ഹരിദാസ് പ്രതികരിച്ചത്. ഇപ്പോഴും യൂത്ത് കോൺഗ്രസ് അംഗമായ തനിക്ക് യൂത്ത് കോൺഗ്രസ് അത്തരത്തിലൊരു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞിരുന്നു
കാർ വാങ്ങുന്നതിന് യൂത്ത് കോൺഗ്രസിനുള്ളിൽ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരിൽ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. ഒന്നുമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും യൂത്ത് കോൺഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവർ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും അവർ നൽകുന്നത് സന്തോഷം പൂർവം സ്വീകരിക്കുമെന്നും രമ്യ പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണവും രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി.
വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം’ എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.
എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ.
മഹാനായ അംബേദ്കർ ‘എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്’ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ.
അതേസമയം പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ഒരു പെണ്‍കുട്ടി കോണ്‍ഗ്രസില്‍ വളര്‍ന്ന് വരുന്നതിലുള്ള എതിര്‍പ്പാണ് രമ്യക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം അനിൽ അക്കര എംഎ ൽ എ അഭിപ്രായപ്പെട്ടു ‘ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രമ്യയെ വിമര്‍ശിച്ച് രംഗത്ത് വന്നതിനു പിന്നാലെയായിരുന്നു അനില്‍ അക്കരെയുടെ മറുപടി. എംപിക്ക് കാര്‍ വാങ്ങുവാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണപ്പിരിവ് നടത്തേണ്ടതില്ലെന്നും, ആവശ്യമെങ്കില്‍ വാഹന വായ്പ എടുത്താല്‍ മതിയെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എംപിമാര്‍ക്ക് പലിശ രഹിത വായ്പ ലഭിക്കുമെന്നും അത് എടുത്ത് വാഹനം വാങ്ങിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് നടത്തിയതിന്റെയും, ലോണ്‍ ലഭിക്കാത്തതിന്റെ കാരണവും വെളിപ്പെടുത്തി രംഗത്ത് വന്നത്.
രമ്യ ഹരിദാസിന് ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്തിനാലാണ് തങ്ങള്‍ സംഘടനക്കുള്ളില്‍ പിരിവ് നടത്തിയതെന്ന് അനില്‍ അക്കര പറയുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് രമ്യ ഹരിദാസിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ പണം സ്വരൂപിച്ച് ബാങ്ക് ലോണ്‍ തിരിച്ചടച്ചത്. റവന്യു റിക്കവറി നിലനിന്ന വ്യക്തിക്ക് ബാങ്ക് ലോണ്‍ ലഭിക്കാന്‍ പ്രയാസമാണെന്നാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം.
പണപ്പിരിവ് നടത്തുന്നതിന്റെ സംഭാവന രസീത് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു എംപി എന്ന നിലയില്‍ ശമ്ബളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉള്‍പ്പടെ രണ്ട് ലക്ഷത്തിന് മേലെ ലഭിക്കുന്ന വ്യക്തിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇതിനു പിന്നാലെയാണ് ജാതിയുടെ പേരിലുള്ള വിവേചനമെന്ന ആരോപണവുമായി എംഎല്‍എ അനില്‍ അക്കരെ രംഗത്ത് വന്നത്.