Madhavam header
Above Pot

കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പൊലീസിന്‍റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്ന് ജില്ലാ എക്സിക്യൂട്ടിവില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാവുമെന്നും ജില്ലാ എക്സിക്യൂട്ടിവില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. മാര്‍ച്ചിലേക്ക് നയിച്ച കാര്യങ്ങളും മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളും ജില്ലാ സെക്രട്ടറി പി രാജു വിശദീകരിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. അതിനെയെല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായത്.

Astrologer

യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ തള്ളിപ്പറഞ്ഞു. സിപിഎമ്മിന് വിധേയമായിക്കൊണ്ടാണ് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 17 എക്സിക്യൂട്ടിവ് അംഗങ്ങളെ കൂടാതെ മണ്ഡലം ഭാരവാഹികളേയും ഇന്നത്തെ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. കൊച്ചിയിലെ പൊലീസ് ലാത്തിചാർജിനെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടിയിൽ ശക്തമാകുന്നതിനിടെയാണ് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഇന്ന് ചേര്‍ന്നത്.

പരിക്കേറ്റ എം എൽ എ എൽദോ എബ്രഹാമിനെ കാണാൻ എറണാകുളത്ത് എത്തിയെങ്കിലും ജില്ലാ എക്സിക്യൂട്ടിവില്‍ പങ്കെടുക്കാതെ കാനം മടങ്ങിയത് വാര്‍ത്തയായിരുന്നു. കാനം രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. കാനം യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയത് അഭിപ്രായ ഭിന്നതയെ തുടർന്നല്ലെന്നും നിലവിലെ സ്ഥിഗതികള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
എറണാകുളം ജില്ലയില്‍ കഴിഞ്ഞ കുറച്ചു കാലമായി സിപിഐയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സിപിഐ മാര്‍ച്ചിനെ നേരെയുണ്ടായ പൊലീസ് നടപടിയെ പാര്‍ട്ടി കാണുന്നത്. സിപിഎമ്മില്‍ നിന്നും വിട്ടുപോരുന്ന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക് പോയതടക്കം പല കാരണങ്ങളും ഇരുവിഭാഗവും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചിട്ടുണ്ട്.

new consultancy

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിപിഐ ജില്ല സെക്രട്ടറിയെ തടഞ്ഞ സംഭവത്തോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ അതൃപ്തി തുറന്ന പോരിലേക്ക് വഴിമാറിയത്. തൊട്ടുപിന്നാലെയാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ എംഎല്‍എയേയും ജില്ല സെക്രട്ടറിയേയും മാര്‍ച്ചിനിടെ പൊലീസ് മര്‍ദ്ദിച്ചത്.സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ പല വിഷയങ്ങളിലും സിപിഎമ്മിനേയും സര്‍ക്കാര്‍ നയങ്ങളയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടി എംഎല്‍എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അദ്ദേഹം മൗനം പാലിച്ചതാണ് സിപിഐക്കുള്ളില്‍ അസ്വരാസ്യങ്ങള്‍ക്ക് വഴി തുറന്നത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശക്തമായ നടപടിയുണ്ടാവും എന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്ത കാനം പൊലീസ് നടപടിക്കെതിരെ മയത്തിലുള്ള പ്രതികരണമാണ് നടത്തിയത്.

buy and sell new

Vadasheri Footer