ഗുരുവായൂരിൽ പത്രിക തള്ളിയത് , ബി ജെ പി- സി പി എം അന്തർധാരയുടെ ഭാഗം : ടി എൻ പ്രതാപൻ എം പി
ചാവക്കാട്: ഗുരുവായുരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിനു പിന്നിലെ യാഥാർഥ്യം ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.
നിവേദിതയുടെ പത്രിക തള്ളിയത് സംബന്ധിച്ച് ചാവക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ കാൽ ലക്ഷത്തിലധികം വോട്ട് നേടിയ നിവേദിതക്ക് പത്രിക കൊടുക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ അറിയാത്തതല്ല. അവർക്ക് കഴിവില്ലെങ്കിൽ അക്കാര്യം ബി.ജെ.പി വ്യക്തമാക്കണം. ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ ചിലയിടങ്ങളിൽ അവിശുദ്ധമായ അന്തർധാരയുണ്ടെന്ന് ആർ.എസ്.എസ് താത്വിക ആചാര്യൻ ബാലശങ്കർ പറഞ്ഞിരുന്നു.
അതിന്‍റെ അടിസ്ഥാനത്തിൽ സി.പി.എമ്മിനെ സഹായിക്കാൻ മനപ്പൂർവം ശ്രമിച്ചതിന്‍റെ ഭാഗമാണോ പത്രിക തള്ളാൻ കാരണമെന്നാണ് കോൺഗ്രസ് സംശയിക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു. ബാലശങ്കറിന്‍റെ ആരോപണം ശരിവെക്കുന്നതാണോ ഇതെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.