നൂല്കാലിൽ ചുറ്റി മരചില്ലയിൽ കുടുങ്ങിയ കൊക്കിനെ ഒടുവിൽ രക്ഷപ്പെടുത്തി
ഗുരുവായൂര്‍:ക്ഷേത്രനടയിലെ മരത്തിന്റെ ചില്ലയില്‍ കാലുകള്‍ കുരുങ്ങി കിടന്ന കൊക്കിനെ മണിക്കൂറുകൾക്ക് ശേഷം ദേവസ്വം ആരോഗ്യ വിഭാഗം ജീവനക്കാരൻ പി കെ പ്രകാശൻ രക്ഷപ്പെടുത്തി. കാലിൽ കുരുങ്ങിയ നൂല് മരച്ചില്ലയിൽ കുടുങ്ങിയതോടെ പറക്കാൻ കഴിയാതെ കൊക്ക് തുങ്ങി കിടന്നു . കാക്കകള്‍ കൊത്തി ആക്രമിച്ച കൊക്ക് പ്രാണവേദനയോടെ നാലുമണിക്കൂറോളമാണ് ചില്ലയില്‍ തൂങ്ങികിടന്നത്.കാക്കകളുടെ ആക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹെൽത്‌സൂപ്പർ വൈസർ രാജീവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്
ക്ഷേത്രം തെക്കേനടയില്‍ ആനകളെ കെട്ടുന്ന സ്ഥലത്തുള്ള മരത്തിന്റെ ചില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആദ്യം അഗ്നി രക്ഷാസേനക്കാരെ വിവരമറിയിച്ചെങ്കിലും പക്ഷികളെ രക്ഷിക്കാന്‍ അവര്‍ക്ക് നിയമം അനുവദിക്കില്ലെന്നാണ് അറിയിച്ചത്.ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് വിളിച്ചപ്പോള്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രത്യേക അനുമതിയോടെ ഫയര്‍ഫോഴ്‌സ് എത്തിയത് . അതിനു മുൻപേ ഉയരമുള്ള ഏണിയിൽ കയറി ചില്ല മുറിച്ച് കൊക്കിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കൊക്കിനെ പറക്കാന്‍ വിട്ടെങ്കിലും കുറച്ചുദൂരം മാത്രം പറന്ന് അവശതയോടെ താഴെ വീണു.കാലിലെ നൂല് മുറിച്ചും വെള്ളം നല്‍കിയും കൊക്കിനെ പിന്നീട് വെറ്റിനറി വിഭാഗത്തിന് കൈമാറി. കർഷക മിത്രമെന്ന് അറിയപ്പെടുന്ന കാലി മുണ്ടി വിഭാഗത്തിൽ പെട്ടതാണ് ഈ പക്ഷിയെന്ന് പ്രശസ്‌ത പക്ഷി നിരീക്ഷകൻ പി പി ശ്രീനിവാസ് അഭിപ്രായപ്പെട്ടു . കാലികൾക്ക് പിറകെ നടന്ന് പ്രാണികളെയും പുൽച്ചാടികളെയും ഭക്ഷിക്കുന്നത് കൊണ്ടാണ് കാലി മുണ്ടി എന്നറിയപ്പെടുന്നത് . കർണാടക ,മഹാരാഷ്ട്ര , ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ കൂടു കൂട്ടി താമസിക്കുന്ന കാലിമുണ്ടി സെപ്തംബറോടെയാണ് കേരളത്തിലേക്ക് ചേക്കേറുക .ഇര തേടൽ കഴിഞ്ഞു മെയ് മാസത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകും . കേരളത്തിലേക്ക് എത്തുമ്പോൾ തൂവെള്ള നിറമുള്ള കാലിമുണ്ടി തിരിച്ചു പോകുമ്പോഴേക്കും ചെമ്പൻ നിറമായി മാറും