കുരുക്ക് മുറുകി , ബിനോയ് നാളെത്തന്നെ ഡി എൻ എ പരിശോധനക്ക് രക്തം നൽകണം : ഹൈക്കോടതി
മുംബൈ: പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി നാളെ തന്നെ രക്ത സാമ്പിൾ നൽകണമെന്ന് ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലം മുദ്രവെച്ച കവറിൽ കോടതി രജിസ്ട്രാർക്ക് നൽകണം. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പീഡന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്ത സാമ്പിൾ നല്‍കാന്‍ വിസമ്മതിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.