Header 1 = sarovaram
Above Pot

ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച്‌ ആശുപത്രി അധികൃതര്‍

പ്രചരണത്തിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാൻ സാധ്യത

കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച്‌ ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ 90 ശതമാനവും രക്തയോട്ടം തടസപ്പെട്ട നിലയിലായിരുന്നെന്നും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാക്കനാടുള്ള സണ്‍റൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ 90 മിനിറ്റുള്ളില്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതിനാല്‍ ആരോഗ്യനില പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Astrologer

നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകള്‍ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച്‌ കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഡോ. ബാലകൃഷ്ണന്‍, ഡോ. ബ്ലെസന്‍ വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബെഹ്നാനെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.

കൊച്ചിയിലെ കോണ്‍ഗ്രസിലെ പ്രധാന നേതാവാണ് ബെന്നി. കൊച്ചിയിലേയും ഇടുക്കിയിലേയും കോട്ടയത്തേയും കോണ്‍ഗ്രസിന്റെ പ്രചരണത്തിലും ബെന്നി ഇടപെടലുകള്‍ നടത്താറുണ്ടായിരുന്നു. മികവുറ്റ സംഘാടകനെന്ന നിലയിലെ ബെന്നിയുടെ കഴിവുകള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ പ്രചരണം കഴിഞ്ഞ ശേഷം ബെന്നി വീട്ടിലേക്കാണ് പോയത്. ഇവിടെ വച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് പ്രശ്ന കാരണമായത്. ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അടിയന്തരമായി ആന്‍ഡിയോ പ്ലാസ്റ്റിയും ചെയ്തു. ഇതിന് ശേഷം കോണ്‍ഗ്രസ് നേതാക്കളുമായി ബെന്നി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ അങ്കമാലിയിലാണ് ബെന്നിയുടെ പ്രചരണത്തിന് തുടക്കം കുറിക്കേണ്ടിയിരുന്നത്. രാവിലെ ഏഴ് മണിക്ക് അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതിനിടെയാണ് അസുഖമെത്തുന്നത്. ഇനി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാലോചിച്ച്‌ ബെന്നിയുടെ പ്രചരണത്തില്‍ തീരുമാനം എടുക്കും. ബെന്നിയുടെ പ്രചരണത്തിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാനും സാധ്യതയുണ്ട്. അത്രയേറെ പ്രധാനപ്പെട്ടതാണ് ചാലക്കുടിയിലെ കോണ്‍ഗ്രസിന്റെ മത്സരം. കോണ്‍ഗ്രസിന്റെ ശക്തമായ കേന്ദ്രത്തില്‍ കഴിഞ്ഞ തവണ സിപിഎം ജയിക്കുകയായിരുന്നു. ഇന്നസെന്റ് പിടിച്ചടെുത്ത മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണ് ബെന്നിയെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചിരുന്നതും.

ആശുപത്രിയിൽ എത്തിയ ഇന്നസെന്റ് അടക്കമുള്ളവർക്ക് നന്ദി പറഞ്ഞു ബെന്നി ബഹന്നാന്റെ പോസ്റ്റ്

ഇന്ന് വെളുപ്പിന് 3.30 മണിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാക്കനാട് സൺ റൈസ് ഹോസ്പിറ്റലിൽ എന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു പര്യടന പരിപാടികൾ. ഇന്ന് അങ്കമാലി നിയോജക മണ്ഡലത്തിൽ ആയിരുന്നു പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരുന്നത്.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളിൽ മുന്നിട്ടിറങ്ങാൻ ആഗ്രഹമുണ്ട് എന്നാൽ എന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒന്നരയാഴ്ചയോളം വിശ്രമം നിർദ്ദേശിച്ചിട്ടുള്ളതാണ്. ആദ്യഘട്ടത്തിലും, തുടർന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളിൽ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങൾ ഓരോരുത്തരോടും.

ഇന്ന് അസുഖവിവരം അന്വേഷിക്കാൻ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകൾ സൺറൈസ് ഹോസ്പിറ്റലിൽ എത്തിയിരുന്നു . ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ എന്നോടെപ്പം മത്സരിക്കുന്ന സുഹൃത്ത് ശ്രീ.ഇന്നസെന്റ്, കോൺഗ്രസ്സിന്റെ സമ്മുന്നതനായ നേതാവ് വയലാർ രവി ഉൾപ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവർത്തകരും എത്തിയിരുന്നു.എല്ലാവർക്കും നന്ദി, സന്തോഷം.

എത്രയും പെട്ടെന്ന് ഞാൻ നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചാലക്കുടി ലോക്സഭാ UDF തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടർന്നും ഉണ്ടായിരിക്കും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിലെ യു.ഡി.എഫ്‌ ഉണർന്നിരിക്കുകയാണ്. നാളിതുവരെ നമ്മൾ കാണാത്തൊരു ആവേശ കൊടുമുടിയിലാണ് UDF പ്രവർത്തകർ . ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സുക്ഷിക്കും. വിജയം നമ്മൾക്കൊപ്പമായിരിക്കും.

നിങ്ങളുടെ പ്രാർത്ഥനയും, അനുഗ്രഹവും എപ്പോഴും ഉണ്ടാകണം.

Vadasheri Footer