
ദില്ലി: കേരളത്തില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ഗുരുതരമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
അതെ സമയം പ്രതിദിനം മരിക്കുന്ന കോവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യ വീണ്ടും റെക്കോർഡ് ഇട്ടു . 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് റജിസ്റ്റർ ചെയ്തത് 3,82,315 കോവിഡ് കേസുകളാണ്. രണ്ടു കോടിയും പിന്നിട്ട് ആകെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുകയാണ്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ചെറിയ വർധനയുണ്ട്. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയർന്നു. നിലവിൽ 34.3 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. രാജ്യത്ത് 16,04,94,188 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.
