മെഡിക്കല്‍ കോളേജില്‍ വെച്ച് എ.സി മൊയ്തീനും സ്വപ്‌നയും കൂടിക്കാഴ്ച നടത്തി : അനിൽ അക്കര
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കരെ എം.എല്‍.എ. സ്വപ്‌നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നും അനിൽ അക്കര ആരോപിച്ചു.
സ്വസ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ഒരുമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ മന്ത്രി എ സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം ഒഴിവാക്കാനായിരുന്നു ഇതെന്നും എം.എല്‍.എ പറഞ്ഞു.
സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
അനില്‍ അക്കരെയുടെ വാക്കുകള്‍
സ്ഥലം എം.എല്‍.എ ആയ താനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ആലത്തൂര്‍ എം.പി രമ്യാ ഹരിദാസും ഉള്‍പ്പെടെയുള്ള പ്രദേശത്തെ ജന പ്രതിനിധികള്‍ മെഡിക്കല്‍ കോളേജിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുത്ത് വൈകുന്നേരം ആണ് തിരിച്ചു പോന്നത്. അതിന് ശേഷം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടും പ്രിന്‍സിപ്പലുമായി മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വിവരമാണ് എട്ടുമണിയോട് കൂടി ലഭിക്കുന്നത്. പിറ്റേ ദിവസം 12 മണിയോട് കൂടി എ.സി മൊയ്തീന്‍ മെഡിക്കല്‍ കോളേജിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. അവിടെ സഹകരണ വകുപ്പിന്റെ വലിയൊരു പദ്ധതി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്.
എന്റെ ചോദ്യം ഇതാണ്. എട്ടാം തിയ്യതി വൈകുന്നേരം സ്വപ്നയെ അവിടെ അഡ്മിറ്റ് ചെയ്യുന്നു. എട്ടാം തിയതി ഞങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. ഒന്‍പതാം തിയതി 12 മണിക്ക് അവിടെ സര്‍ക്കാരിന്റെ വലിയൊരു പദ്ധതി. അതിന്റെ വിശദീകരണം നല്‍കാനും ആദ്യ ഗഡുമേടിക്കാനും എ.സി മൊയ്തീന്‍. എങ്ങനെയാണ് ഞങ്ങളെ ഒക്കെ ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത്.
അന്ന് വന്ന പ്രിന്‍സിപ്പലും ജില്ലാ കളക്ടറും എസി മൊയ്തീനും ചേര്‍ന്നാണ് സ്വപ്‌ന സുരേഷുമായി ചേര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവര്‍ ചേര്‍ന്നാണ്.
പ്രാണ്‍ എന്ന് പറയുന്ന പദ്ധതി മെഡിക്കല്‍ കോളേജിലെ കോവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും അല്ലാത്ത ചികിത്സയ്ക്കും ആയി സിലിണ്ടറിലല്ലാതെ ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാനിധ്യത്തില്‍ വെച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായത്. ഞാനും എന്റെ സഹധര്‍മിണിയും ഞങ്ങളുടെ ശമ്പളത്തില്‍ നിന്നുള്ള ഒരു തുക നീക്കിവെച്ച് 10 യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അപ്പോള്‍ തന്നെ അറിയിക്കുകയായിരുന്നു. ആദ്യത്തെ സ്‌പോണ്‍സര്‍മാര്‍ ഞങ്ങളായിരുന്നു.
വൈകുന്നേരം ഒരു പരിപാടി നിശ്ചയിച്ച് രാവിലെ നടത്തി. എം.എല്‍.എയെ ഒഴിവാക്കി ഒരു പരിപാടി നടത്തുന്നതിനുള്ള ശക്തമായ പ്രതിഷേധം ഞാന്‍ അറിയിച്ചു. ഇതോടെ മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി എ.സി മൊയ്തീന്‍ തനിക്ക് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു.
സ്ഥലം എം.എല്‍.എയെയും എം.പിയെയും ഒഴിവാക്കി, വാര്‍ഡ് മെമ്പര്‍മാരെ ഒക്കെ ഒഴിവാക്കിയാണ് എ.സി മൊയ്തീന്‍ പരിപാടിയില്‍ പങ്കെടുത്തത്. ഇത് സ്വപ്‌നയുമായി സംസാരിക്കാനാണ്. ഇതില്‍ ജില്ലാകളക്ടര്‍ക്കും പങ്കുണ്ട്.
ഒരു അസുഖവുമില്ലാതെ റമീസും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഇത് മൊഴികള്‍ തിരുത്താനാണ്. എ.സി മൊയ്തീനെ എന്‍ഐഎ നിരീക്ഷണത്തിലാക്കണം. ഫോണ്‍ രേഖകള്‍ പരിശോധിക്കണം. സ്വപ്‌നയും റമീസും കിടക്കുന്ന വാര്‍ഡുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഈ വാര്‍ഡുകളില്‍ എന്‍ഐഎ നിരീക്ഷണം നടത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.