
കൗൺസിലിൽ ഭരണ പക്ഷ അംഗത്തിന്റെ ആക്രോശം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗുരുവായൂർ: പത്രങ്ങൾക്ക് പരസ്യം നൽകുന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ പ്രതിപക്ഷ അംഗത്തിനെതിരെ ഭരണപക്ഷ അംഗത്തിന്റെ ആക്രോശം. യു ഡി എഫിലെ നൗഷാദ് അഹമ്മുവിനെതിരെ ഭരണപക്ഷ അംഗം എറിൻ ആൻ്റണിയാണ് ‘ഇരിക്കടാ അവിടെ’യെന്ന് ബഹളത്തിനിടയിൽ ആക്രോശി ച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ചെയർപേഴ്സന്റെ ഡെസ്കിന് മുന്നിലെത്തിയ പ്രതിപക്ഷ അംഗങ്ങൾ, ഇത്തരം അധിക്ഷേപ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും മോശം പരാമർശം നടത്തിയ ഭരണപക്ഷ അംഗത്തിന് ചെയർപേഴ്സൺ താക്കീത് നൽകിയില്ലെന്നും ആരോപിച്ചു.


ഇതിനിടയിൽ ചില ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും, പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ സംബന്ധിച്ച അജണ്ടയിൽ, പത്രങ്ങൾക്ക് പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ബഹളത്തിനും ഇറങ്ങിപോക്കിനും കാരണമായത്. പരസ്യം ദേശാഭിമാനിക്ക് നൽകണമെന്നായിരുന്നു ഭരണപക്ഷ നിലപാട്. എന്നാൽ എല്ലാ പത്രങ്ങൾക്കും പരസ്യം ഒരുപോലെ നൽകണമെന്ന് നൗഷാദ് അഹമ്മു ആവശ്യപ്പെട്ടപ്പോഴാണ് ഭരണപക്ഷ കൗൺസിലർ എറിൻ ആൻ്റണി നൗഷാദ് അഹമ്മുവിനോട് ഇരിക്കടാ അവിടെയെന്ന് ഉച്ചത്തിൽ പറഞ്ഞത്. ഇതോടെ പ്രതിഷേധവുമായി എഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങൾ പിന്നീട് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

യോഗത്തിൽ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം ഭേദഗതി ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യവും, ഇന്ത്യാ സഖ്യം നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, സമരക്കാർക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ള പ്രമേയം ചെയർപേഴ്സൺ അംഗീകരിച്ചു. എന്നാൽ ബിജെപി അംഗം വിയോജനക്കുറിപ്പ് നൽകി.
