
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബീച്ച് ശുചീകരിച്ചു

ചാവക്കാട് : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന ‘സ്വച്ഛത ഹി സേവ’, ‘നിർമ്മലം’ എന്നീ ക്യാമ്പയിനുകളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സഹകരണത്തോടെ ചാവക്കാട് കടൽത്തീരവും പരിസരവും ശുചീകരിച്ചു.

കുട്ടികളിൽ ശുചിത്വബോധം സൃഷ്ടിക്കുന്നതിനും ‘തങ്ങളുടെ മാലിന്യം തങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്’ എന്ന വലിയൊരു സന്ദേശം സമൂഹത്തിന് നൽകാനുമാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തനം സംഘടിപ്പിച്ചത്.


നഗരസഭയുടെ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെയും ചാവക്കാട് ജില്ലാ-ലോക്കൽ അസോസിയേഷനുകളുടെയും സംയുക്ത നേതൃത്വത്തിലാണ് മൂന്നാം ഘട്ടമായ ബീച്ച് ശുചീകരണം നടന്നത്. ഇതിനു മുന്നോടിയായി ചാവക്കാട് ജില്ലാ അസോസിയേഷന് കീഴിലുള്ള എല്ലാ യൂണിറ്റുകളും ക്ലീനിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തുടർന്ന് ലോക്കൽ അസോസിയേഷനുകളുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തിരുന്നു.
ചാവക്കാട് കടൽത്തീര ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ചെയർപേഴ്സൺ ഷീജ പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കുമാർ , 24-ാംവാർഡ് മെമ്പർ സന്തോഷ്, ചാവക്കാട് ജില്ലാ സെക്രട്ടറി ടി. യു. ജെയ്സൺ, ശാന്ത, ടി. സി. ജയലക്ഷ്മി, അനിത മാത്യു, ബ്രില്യന്റ് വർഗീസ്, ചിത്രമോൾ, ജോസ് സി. പോന്നാർ എന്നിവർ സംസാരിച്ചു.

