
ആരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ

ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ആരോഗ്യ ഉപ കേന്ദ്രം സബ് സെന്ററിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാട് തിരുവാങ്കുളം ഇരുമ്പനം എയർപോർട്ട് റോഡ് ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്ര (29)ആണ് മരിച്ചത്.


പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മന്ദലാംകുന്ന് സബ് സെന്ററിലെ ഡോക്ടറുടെ കൺസൾട്ടിങ് റൂമിലെ ജനൽ കമ്പിയിലാണ് സാന്ദ്രയെ തൂങ്ങിയ നിലയിൽ കണ്ടത്. വിശേഷ ദിവസങ്ങളിലും പ്രത്യേക ക്യാമ്പുകൾ ഉള്ളപ്പോഴും മാത്രമാണ് ഈ സബ് സെന്റർ പ്രവർത്തിക്കാറുള്ളത്. ഇതോടനുബന്ധിച്ചുള്ള മുറിയിലായിരുന്നു സാന്ദ്ര താമസിച്ചിരുന്നത്.

ഇന്ന് വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ യോഗം നിശ്ചയിച്ചിരുന്നു. യോഗത്തിൽ സാന്ദ്രയെ കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ സമീപത്തെ അങ്കണവാടി അധ്യാപിക അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിക്കുള്ളിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
