
ഗുരുവായൂർ ദർശനത്തിനായി ഡി ആർ ഡി ഒ ഇദ്യോഗസ്ഥൻ ചമഞ്ഞ വ്യാജനെ പോലീസ് പൊക്കി.

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭാര്യയ്ക്കും മകൾക്കും ദർശന സഹായം ചോദിച്ച വ്യാജ ഡിആർഡിഒ ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി തൃശൂർ റൂറൽ പൊലീസ്…
കഴിഞ്ഞ മാസം 25ന് തൃശൂർ റൂറൽ എസ്പി മുഹമ്മദ് നദീം ഐപിഎസിന് തന്റെ ഔദ്യോഗിക ഇ മെയിലിൽ ഒരു സന്ദേശം ലഭിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡി ആർ ഡി ഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) യുടെ മുതിർന്ന ഉദ്യോഗസ്ഥന്റെയാണ് ഇ മെയിൽ സന്ദേശം. തന്റെ ഭാര്യയും മകളും അടുത്ത ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നുണ്ട്. അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കണം എന്നാണ് റൂറൽ പൊലീസ് മേധാവിയോടുള്ള അഭ്യർത്ഥന. വിശ്വാസം നേടാൻ ഫോട്ടോ പതിച്ച ഡി ആർ ഡി ഒ ഐഡി കാർഡും ഉണ്ട്.


സിറ്റി പൊലീസിന്റെ പരിധിയിലുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ ഡിആർഡിഒ ഉദ്യോഗസ്ഥൻ റൂറൽ പൊലീസിനോട് പരിധി കടന്നും, അസ്വാഭാവികവുമായ ആവശ്യപ്പെടലിൽ സംശയം തോന്നിയ റൂറൽ എസ്പി സംഭവം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.എസ് നെ ചുമതലപ്പെടുത്തി. ഇ മെയിൽ വ്യാജമെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയതോടെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ തമിഴ്നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശിയായ ശങ്കർ (46) എന്നയാളാണ് ഇ മെയിൽ ആൾമാറാട്ടം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.ഇയാൾ പൊതുസേവകനായി ആൾമാറാട്ടം നടത്തിയതായും, DRDO എന്ന പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ച് ഇലക്ട്രോണിക് മാധ്യമം വഴി അയച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ ആൽബി തോമസ് വർക്കി, ജി എ എസ് ഐ മനോജ്, സി പി ഒ മാരായ അജിത്ത്, സുദീപ്, ഡ്രൈവർ സി പി ഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
