
കണ്ണന്റെ പിറന്നാൾ ആഘോഷ തിമർപ്പിൽ ക്ഷേത്ര നഗരി

ഗുരുവായൂർ :വനമാലയും, മയില്‍പീലിയും ചൂടിയും,
മഞ്ഞപ്പട്ടാടയോടെ മണിവേണു കയ്യിലേന്തിയൂതിയും തൂമന്തഹാസത്തോടെ ഉണ്ണിക്കണ്ണൻ തന്റെ പിറന്നാളാഘോഷത്തില്‍ പങ്കുചേരാനെത്തിയ ദശ സഹസ്രങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി .

സമീപ കാലത്തൊന്നും അനുഭവപ്പെടാത്ത തരത്തിലായിരുന്നു, ഗുരുപവനപുരിയിലേയ്ക്ക് ഭക്തജനങ്ങള്‍ കണ്ണന്റെ പിറന്നാളിൽ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്. പിറന്നാള്‍ ഉണ്ണിയെ ഒരുനോക്ക് കാണാന്‍ നിര്‍മ്മാല്ല്യ ദര്‍ശനത്തില്‍ തുടങ്ങിയ ഭക്തരുടെ നീണ്ട ക്യൂ, രാത്രി പത്തുമണിവരേയും തുടര്‍ന്നു. ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കാനാവാത്ത ഭക്തര്‍, കിഴക്കേ ദീപസ്തംഭത്തിനരികില്‍ കൈകൂപ്പി കണ്ണനെ കണ്ടും ആത്മസായൂജ്യം നേടി. .


തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മേളപെരുക്കവും, ചോറ്റാനിക്കര നന്ദപ്പന്‍ മാരാരുടെ പഞ്ചവാദ്യ തിമര്‍പ്പുമായി ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും, രാത്രിവിളക്കെഴുന്നെള്ളിനുമായി വിനായകനും, ഗോപാലകൃഷ്ണനും പറ്റാനകളായുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി.

മമ്മിയൂരില്‍നിന്നും ആരംഭിച്ച ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ അഷ്ടമിരോഹിണി ഘോഷയാത്രയും, ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിനെ ആത്മനിര്‍വൃതിയുടെ പുളകചാര്‍ത്തണിയിച്ചു. . ഏഴേകാല്‍ ലക്ഷം രൂപയുടെ നെയ്യപ്പവും, പത്ത് ലക്ഷത്തിലേറെ രൂപയുടെ പാല്‍പായസവും കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന് ഭക്തര്‍ ശീട്ടാക്കിയിരുന്നു.
രാവിലെ 10 മണിയോടെ കണ്ണന്റെ ജ്യേഷ്ഠ സഹോദരന്‍ ബലരാമനും അനുജന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കാളിയാകാന്‍ ഗുരുവായൂരിലെത്തി. നെന്മിനിയില്‍ നിന്നും ആരംഭിച്ച സഹോദര സംഗമ ഘോഷയാത്രയ്ക്ക് മൂന്നാനകള്‍ പങ്കെടുത്തു. വഴിനീളെ നിറപറയും, നിലവിളക്കും വെച്ച് സ്വീകരിച്ചാണ് ഭക്തര്‍ സഹോദര സംഗമത്തിനെത്തുന്ന ബലരാമനെ വരവേറ്റു. കിഴക്കേ ഗോപുരനടയില്‍ വെച്ച് ബലരാമ സ്വാമിയെ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിറപറവെച്ച് സ്വീകരിച്ചു.
