
പെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയത് അനർഹരെ ഒഴിവാക്കാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങളില്‍ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണം ചെയ്ത ശേഷം ബാക്കിയാകുന്ന തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന വലിയ കാലതാമസവും, അര്‍ഹതയില്ലാത്തവരെയും ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരെയും ഒഴിവാക്കാനുമാണ് ഈ പുതിയ നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ ഡി.ബി.ടി നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമൂലം കേന്ദ്ര ധനസഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം, പൂര്‍ണ്ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ഇനിമുതല്‍ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറുക.
നിലവില്‍ സഹകരണ സംഘങ്ങള്‍ മുഖേന ഏജന്റുമാര്‍ നേരിട്ട് വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് തുടരുന്നത്. എന്നാല്‍ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലുള്ള പൊരുത്തക്കേടുകള്‍ എന്നിവ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുകൂടാതെ അര്‍ഹതയില്ലാത്തവര്‍ക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യത്തിനും തടയിടാനാണ് സര്‍ക്കാര്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണ് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിച്ചത്.
നിലവില്‍ പെന്‍ഷന്‍ വാങ്ങുന്ന ആകെ 52 ലക്ഷത്തോളം ഗുണഭോക്താക്കളില്‍ 23 ലക്ഷം പേരും നേരിട്ട് പണം കൈപ്പറ്റുന്നവരാണ്. സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം ഇവരില്‍ വലിയൊരു വിഭാഗത്തെ നേരിട്ട് ബാധിക്കും. കിടപ്പുരോഗികള്‍ക്ക് പുറമേ അംഗപരിമിതര്‍, അവശരായവര്‍, ആശ്രയിക്കാന്‍ വിശ്വസ്തരില്ലാത്തവര്‍, സമീപത്ത് ബാങ്കുകളോ എ.ടി.എമ്മുകളോ ഇല്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം നിലവിലെ നേരിട്ടുള്ള വിതരണ രീതി വലിയ ആശ്വാസമായിരുന്നു. പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിനായി ഓരോ വ്യക്തിക്കും തുക എത്തിക്കുമ്പോള്‍ ഏജന്റിന് 25 രൂപയും ബന്ധപ്പെട്ട സഹകരണ സംഘത്തിന് 5 രൂപയും സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കിയിരുന്നു. സംസ്ഥാനത്തെ 1,625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് നിലവില്‍ വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പുതിയ മാറ്റത്തോടെ ഇവര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും വലിയ തുകയുടെ വരുമാനനഷ്ടമുണ്ടാകും. പെന്‍ഷന്‍ വിതരണം നടത്തുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് വിതരണ രീതി പൂര്‍ണ്ണമായും അക്കൗണ്ട് വഴിയാക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

