

കൊച്ചി: ലോക ചെസ് വേദിയില്‍ വീണ്ടും ഇന്ത്യയ്ക്കു അഭിമാനമായി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തൂമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ഗേള്‍സ് വേള്‍ഡ് കപ്പ് 2026-ല്‍ കിരീടം നേടി ദിവി ചരിത്രം കുറിച്ചു.
11 റൗണ്ടുകളില്‍ നിന്ന് 9 പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ റഷ്യയുടെ അലിസ യങ്കറിനെതിരെ സമനില നേടിയതോടെയാണ് കിരീടം ഉറപ്പിച്ചത്. ലോകത്തെ 90 പ്രമുഖ ബാലതാരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദിവിയുടെ നേട്ടം.
2025-ല്‍ ഫിഡെ അണ്ടര്‍-10 ഗേള്‍സ് വേള്‍ഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, 2025-ലെ ലോക അണ്ടര്‍-10 റാപ്പിഡ് ചാമ്പ്യനുമാണ്. 2025-ലും 2026-ലുമായി ദിവിയുടെ മൂന്നാമത്തെ ലോക കിരീടമാണിത്. ഈ വിജയത്തോടെ നവംബറില്‍ നടക്കുന്ന 8 പേര്‍ക്ക് മാത്രം മത്സരിക്കുന്ന പറ്റുന്ന ഫിഡെ വേള്‍ഡ് കേഡറ്റ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആദ്യ താരമായി ദിവി.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ വുമണ്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ (ഡബ്ല്യുസിഎം) കൂടിയായ ദിവി, ഇതുവരെ ഇന്ത്യയ്ക്കായി 25 അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 13 എണ്ണം സ്വര്‍ണ മെഡലുകളാണ്.

തിരുവനന്തപുരം സ്വദേശിനിയും അലന്‍ ഫെല്‍മാന്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ദിവി ബിജേഷിന്റെയും പ്രഭയുടെയും മകളാണ്. ചെസ്സ് താരമായ ദേവ്നാഥ് സഹോദരനാണ്. ചോള ചെസ് പദ്ധതിയുടെ പിന്തുണയിലും തിരുവനന്തപുരം മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയിലെ പരിശീലകന്‍ ശ്രീജിത്ത് ജി.എസിന്റെയും മാര്‍ഗനിര്‍ദേശത്തിലുമാണ് ദിവി ലോകചാമ്പ്യന്‍ പട്ടത്തിലേക്ക് എത്തിയത്.
