താലപ്പൊലി , ഗുരുവായൂർ ക്ഷേത്രം ചൊവ്വാഴ്ച്ച നേരെത്തെ അടക്കും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം, കേളി എന്നിവ ഉണ്ടാകും. പതിവ് പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12ന് നടയടക്കും. ഈ സമയത്ത് വിവാഹം, ചോറൂണ്‍, തുലാഭാരം എന്നിവ നടത്താനാവില്ല.
നടയടച്ച ശേഷം മൂന്നാനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളും. എഴുന്നള്ളിപ്പ് സത്രം ഗേറ്റ് എത്തിയാല്‍ തിരിച്ച് എഴുന്നള്ളും. തിരിച്ചെഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാകും. മേളം കല്യാണമണ്ഡപത്തിന് മുന്നിലെത്തിയാല്‍ ഭഗവതിയുടെ കോമരം സുരേന്ദ്രന്‍ നായര്‍ പറ ചൊരിയും.
തുടര്‍ന്ന് നാഗസ്വരത്തോടെ കുളപ്രദക്ഷിണം നടത്തും. സന്ധ്യയ്ക്ക് ദീപാരാധന, ദീപാലങ്കാരം, കേളി, കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തില്‍ തായമ്പക, രാത്രിയില്‍ പഞ്ചവാദ്യം, കളം പാട്ട്, കളം പൂജ എന്നിവയുണ്ടാകും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും അരങ്ങേറും