ഗുരുവായൂര്‍ ഏകാദശി, കനറാ ബാങ്ക് ചുറ്റുവിളക്ക് ഞായറാഴ്ച .
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്ക് ജീവനക്കാരുടെ ചുറ്റുവിളക്ക് ആഘോഷം ഞായറാഴ്ച കനറാ ബാങ്ക് ജീവനക്കാരുടെ 45-ാം വിളക്കാഘോഷം, സമ്പൂര്‍ണ്ണ നെയ്യ് വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് മാനേജർ പി.ബി. ബിനു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കനറാബാങ്കിന്റെ
അര ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് വളക്കാഘോഷം നടത്തുന്നത്
ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കുപുറമെ, രാവിലെ കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും നയിയ്ക്കുന്ന പഞ്ചാരി മേളത്തോടേയുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പന്‍ വിഷ്ണു ഭഗവാന്റെ കോലമേറ്റും. കൊമ്പന്മാരായ രവികൃഷ്ണനും, ബല്‍റാമും ഇടം വലം പറ്റാനകളാകും. ഉച്ചയ്ക്ക് 3.30ന് നടക്കുന്ന കാഴ്ച്ചശീവേലിയ്ക്ക് അയിലൂര്‍ അനന്ത നാരായണനും, സംഘവും നയിയ്ക്കുന്ന പഞ്ചവാദ്യം അകമ്പടിയാകും. കൂടാതെ 5.30 മുതല്‍ 6.30 വരെ ഗുരുവായൂര്‍ മുരളിയും, സംഘവും അവതരിപ്പിയ്ക്കുന്ന സ്‌പെഷ്യല്‍ നാദസ്വരം, 6.30 മുതല്‍ ഭഗവതി ക്ഷേത്രാങ്കണത്തില്‍ ചിറയ്ക്കല്‍ നിതീഷിന്റെ തായമ്പകയും അരങ്ങേറും. രാത്രി 9 മണിയ്ക്ക് ഇടയ്ക്കാ നാദസ്വരത്തിന്റെ അകമ്പടിയില്‍ നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍ ഭഗവാന്റെ തിരുമുറ്റം നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞു നില്‍ക്കും.
വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7 ന് ബാങ്ക് മാനേജരായ പി.ബി. ബിനു ഭദ്രദീപം തെളിയിയ്ക്കുന്നതോടെ,കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും ഗുരുവായൂര്‍ ജ്യോതിദാസിന്റെ സോപാന സംഗീതവും, 7.30 മുതല്‍ വൈകീട്ട് 6 മണിവരെ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിയ്ക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. തുടര്‍ന്ന് വൈകീട്ട് 7 മണിമുതല്‍ 10 മണിവരെ പ്രശസ്ത പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ അവതരിപ്പിയ്ക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിയ്ക്കും . വാര്‍ത്താസമ്മേളനത്തില്‍ കനറാ ബാങ്ക് ഉദ്യോഗസ്ഥരായ , അജ്ഞന പ്രകാശ്, വിനോദ് കുമാര്‍, എസ്. നിതാന്ത്, എം.എസ്. ഭാസ്‌ക്കരന്‍ എന്നിവരും സംബന്ധിച്ചു .