കാലിത്തീറ്റ ക്ഷാമത്തിന് കിസാൻ തീവണ്ടി : മന്ത്രി കെ രാജൻ
തൃശൂർ : ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും കാലിത്തീറ്റയും കുറഞ്ഞ നിരക്കിൽ ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച് കാലിത്തീറ്റ ക്ഷാമം പരിഹരിക്കാനാണ് ശ്രമം.
പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 2022-23 വർഷത്തെ ഒല്ലൂക്കര ബ്ലോക്ക് ക്ഷീരസംഗമവും പാണഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 50-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സംസ്ഥാനത്തിനായി. ആന്റിബയോട്ടിക് ചേർന്ന പാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതിന്റെ അളവ് കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ പാൽ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.