ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ, വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : വികസന പ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡ് യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ സർവീസ് റോഡായി തുറന്നു കൊടുത്തതോട് കൂടി ദുരിതം വർധിച്ചിരിക്കുകയാണ്. താൽക്കാലിക ബസ് സ്റ്റാൻഡിലേക്ക് കാൽനടയായി വരുന്ന ആളുകളും വെള്ളക്കെട്ടിലൂടെ നടന്ന് നീങ്ങേണ്ട ദുരവസ്ഥയിലാണ്.
തിരുവെങ്കിടം പ്രദേശത്തേക്ക് പോകുന്ന റെയിൽവേ റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് ഗതാഗത കുരുക്ക് വർദ്ധിക്കുന്നതിനിടയായി. പ്രവർത്തന ഏകോപനം നടത്താൻ സാധിക്കാത്ത ഗുരുവായൂർ എം.എൽ.എയ്ക്കും, നഗരസഭാ ചെയർമാനുമെതിരെ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി. കെ സുജിത്ത് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, പ്രതീഷ് ഓടാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി.എസ് നവനീത്, സേവാദൾ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ, കെ. സി സുമേഷ്, പി. ആർ പ്രകാശൻ, കൃഷ്ണദാസ് പൈക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ മനീഷ് നീലമന, വിഷ്ണു വടക്കൂട്ട്, ക്ലീറ്റസ് ജെ മാറോക്കി, ആനന്ദ് രാമകൃഷ്ണൻ, വി.ബി. ദിപിൻ, നന്ദു റെജി, വിഷ്ണു റെജി, ക്രിസ്റ്റൽ, നിജോജോസ്, ജെസ്റ്റോ സ്റ്റാൻലി, വി. മണികണ്ഠൻ, കൃഷ്ണദാസ്, ശ്രീജിത്ത് പാലിയത്ത്, ഉണ്ണിമോൻ നെൻമിനി, ദിനേശ്, തുടങ്ങിയവർ നേതൃത്വം നൽകി.