അൽപനേരത്തേക്ക് മാനം തെളിഞ്ഞു ,തൃശ്ശൂർ പൂര വെടിക്കെട്ട് അരങ്ങേറി
തൃശൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂർ പൂരത്തിന്റെ മാറ്റിവെച്ച വെടികെട്ട് അരങ്ങേറി . മഴയുടെ ആശങ്കയെ അൽപ്പ നേരത്തേക്ക് തെളിഞ്ഞ മാനത്ത് വെടിക്കെട്ട് വിസ്മയം തീർത്തു . പിന്നാലെ പൂര നഗരിയെ കുളിരണിയിപ്പിച്ച് പെരുമഴ പെയ്തിറങ്ങി. 11ന് പുലർച്ചെ പൊട്ടിക്കേണ്ട വെടിക്കെട്ട് നേരത്തെ മൂന്ന് തവണയായി മാറ്റിവെച്ചത് ഇന്ന് തന്നെ പൊട്ടിക്കാൻ മന്ത്രി കെ.രാജന്റെ സാനിധ്യത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തീരുമാനിക്കുകയായിരുന്നു. വൈകീട്ട് നാലിന് മുമ്പ് പൊട്ടിക്കാൻ തീരുമാനിച്ചത് പിന്നീട് നേരത്തെയാക്കി ഉച്ചക്ക് ഒരു മണിയാക്കി. ഇതിനായി ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും പന്ത്രണ്ടരയോടെ പെയ്ത ചാറ്റൽമഴ വീണ്ടും ആശങ്കയിലാക്കി. പക്ഷേ ഒന്നോടെ വീണ്ടും മഴ നീങ്ങിയതോടെ ആശ്വാസമായി. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് പാറമേക്കാവ് വിഭാഗം വെടിമരുന്നിന് തിരി കൊളുത്തിയത്.
തൃശൂരിനെ ആദ്യം വിറപ്പിച്ച പാറമേക്കാവ് ഭൂമിയെ വിറപ്പിച്ച് വെടിക്കെട്ട് നീട്ടിവെക്കാനിടയായ സാഹചര്യത്തെ വെല്ലുവിളിച്ചു. ആറു മിനുട്ടുകൾ നീണ്ടു നിന്ന വെടിക്കെട്ട് നഗരത്തെ പിടിച്ചു കുലുക്കി. രണ്ടരക്ക് ശേഷമാണ് തിരുവമ്പാടി വെടിമരുന്നിന് തിരികൊളുത്തിയത്. ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ട് ലൈസൻസിയായതിന്റെ നേട്ടത്തിലാണ് ഈ വർഷത്തെ തൃശൂർ പൂരം വെടിക്കെട്ട് അടയാളപ്പെടുത്തുന്നത്. പാറമേക്കാവിന് പിന്നാലെ തങ്ങളും പിന്നിലല്ലെന്ന് ഓർമപ്പെടുത്തി നഗരത്തെ പിടിച്ചു കുലുക്കുകയായിരുന്നു തിരുവമ്പാടിയും. രാത്രിയിൽ ആകാശത്ത് വിടരേണ്ട കൗതുകങ്ങൾക്ക് പകരം സ്ഫോടനങ്ങളുടെ ഞെട്ടലുകളാണ് പൂരം വെടിക്കെട്ടിൽ വിടർന്നത്. പെസോ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ട്.
ഉച്ചയോടെ തന്നെ നഗരത്തിൽ ഗതാഗതം നിയന്ത്രിച്ച പോലീസ്. സ്വരാജ് റൗണ്ടിൽ ഒരു ഭാഗത്തൊഴികെ മറ്റ് ഭാഗത്തേക്ക് കാണികൾക്ക് പ്രവേശനമനുവദിച്ചില്ല. റൗണ്ടിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു. വെടിക്കെട്ട് പൊട്ടിത്തീർന്നതിന് പിന്നാലെ പെരുമഴ ആർത്തലച്ച് പെയ്യുകയും ചെയ്തു. കാത്തിരുന്ന വെടിക്കെട്ട് കഴിഞ്ഞതോടെ ജില്ലാ ഭരണകൂടവും പോലീസും ദേവസ്വങ്ങളും ആശ്വാസത്തിലായി. പൂരനാൾ മുതൽ പോലീസ് കാവലിൽ തേക്കിൻകാട് മൈതാനിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വെടിമരുന്നുകൾ.