സർക്കാരിന് പെരുവയർ, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ള : ജോസഫ് ചാലിശ്ശേരി
കുന്നംകുളം : സംസ്ഥാന സർക്കാരിന് പെരുവയറാണ്, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ളയാണ് നടത്തുന്നത് എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി പറഞ്ഞു. കെ റയിൽ വിരുദ്ധ സമരം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിൽവിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ യോഗം കുന്നംകുളം പഴയ സ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സമിതിയംഗം സി.ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.പി.ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ് രാജീവൻ, സംസ്ഥാന രക്ഷാധികാരിമാരായ കുസുമം ജോസഫ്, എം.ഷാജർഖാൻ, കൗൺസിലർമാരായ ബിജു.സി.ബേബി, റീജ അനിൽ, മുരളി വെള്ളിത്തിരുത്തി (ബിജെപി), തോമസ് ചിറമ്മൽ(കേ.കോൺഗ്രസ്), വി.കെ.തമ്പി(ആർഎംപി), വി.ജി. അനിൽ (സിഎംപി), ഒ.കെ.വത്സലൻ(എസ് യു സി ഐ), ബിജോയ് ബാബു, കെ.സി.ബാബു, ജില്ലാ ചെയർമാൻ ശിവദാസ് മഠത്തിൽ, കൺവീനർ എ.എം സുരേഷ്, രക്ഷാധികാരി ഡോ.പി.എസ്.ബാബു എന്നിവർ പ്രസംഗിച്ചു.
വിനാശകരമായ കെ റയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതൃത്വം നൽകുന്ന സമര ജാഥ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി കടന്നു പോകുന്ന 11 ജില്ലകളിലും എത്തിച്ചേരും. മാർച്ച് 1 ന് കാസർഗോഡ് നിന്നാരംഭിച്ച ജാഥയുടെ ഏഴാം ദിവസം അയിനൂരിൽ ജില്ലയുടെ ആദ്യ സ്വീകരണം നൽകി. ബിജെപി ജില്ലാ പ്രസിഡൻ്റ് അനീഷ് കുമാർ കെ.കെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു 24 ന് സെക്രട്ടേറിയറ്റിനു മുന്നിൽ ജാഥ എത്തുമ്പോൾ കെ റയിൽ വിരുദ്ധ മഹാസംഗമം സംഘടിപ്പിക്കും.