പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി ഉത്തരവ്
കുന്നംകുളം : എഴുപത്തിരണ്ടുകാരനായ പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് വടക്കാഞ്ചേരി മുൻസിഫ് ടി കെ അനിരുദ്ധൻ ഉത്തരവിട്ടു. സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച് കാലങ്ങളായി ഭാര്യക്കൊപ്പം താമസിച്ചു വരുന്ന വീടും സ്ഥലവും മക്കളായ സുശീല, ജയന്തി എന്നിവരും മരുമകനായ കുന്നംകുളം കൊല്ലരവളപ്പിൽ കൃഷ്ണൻ മകൻ സുരേഷ് എന്നിവരും ചേർന്ന് വഞ്ചിച്ച് സ്വന്തം പേരിലാക്കിയതിനു ശേഷം തന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് കുന്നംകുളം പോർക്കളങ്ങട് ചൂണ്ട പ്പുരക്കൽ ഭാസ്കരൻ കൊടുത്ത കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വിദ്യാഭ്യാസ കുറവും കണ്ണിനെ കാഴ്ച കുറവുമുള്ള ഭാസ്കരൻ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്ത സമ്പാദ്യം കൊണ്ട് പണികഴിപ്പിച്ച ഇരു നില വീട്ടിലാണ് കാലങ്ങളായി താമസം ഇതിനിടെ തൻ്റെ മറ്റു മക്കൾക്ക് കൂടി അവകാശം നൽകുന്ന രീതിയിൽ വീടും സ്ഥലവും മരണപത്രം എഴുതി രജിസ്റ്റർ ആക്കാമെന്ന സഹായം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് പെൺ മക്കളും മരുമകനും ചേർന്ന് സ്വത്തുക്കൾ സ്വന്തം പേരിൽ രജിസ്റ്റർ ആക്കുകയായിരുന്നു വത്രെ.
ഈയിടെ തന്റെ പെൻഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥലത്തിൻ്റെ നികുതി അടക്കുവാൻ ചെന്നപ്പോഴാണ് തൻ്റെ പേരിൽ ഇപ്പോൾ വസ്തു വഹകളില്ല എന്ന് ഭാസ്കരന് മനസ്സിലായത് തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയ തിനെ തുടർന്ന് ഭാസ്കരൻ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി മുഖാന്തിരം നൽകിയ കേസിലാണ് വടക്കാഞ്ചേരി മുൻസിഫ് കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് തന്നെ വഞ്ചിച്ച് സ്വത്തുക്കൾ കൈ ക്കലാക്കിയ പ്രതികൾക്കെതിരെ ഭാസ്കരൻ കുന്നംകുളം പോലീസിലും പരാതി നൽകിയിട്ടുണ്ട്.