ഹോണ്ട ഏക്റ്റീവക്ക് നിരന്തരം തകരാർ : 26,000 രൂപ നൽകാനും, തകരാർ പരിഹരിക്കണമെന്നും ഉപഭോക്തൃ കോടതി വിധി.
തൃശൂർ : ഹോണ്ട ഏക്റ്റീവക്ക് നിരന്തര തകരാർ വന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പുല്ലഴി തണ്ടാശ്ശേരി വീട്ടിൽ അജയൻ നാരായണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ശ്രീവരി ഓട്ടോമോട്ടീവ് പ്രൈവറ്റ്ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ ഹരിയാനയിലുള്ള ഹോണ്ട മോട്ടോർ സൈക്കിൾ ഏൻറ് സ്കൂട്ടർ ഇന്ത്യാ പി ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ എന്നിവർ ക്കെതിരെ ഉപ ഭോക്തൃ കോടതിയുടെ വിധി വന്നത്
അജയൻ നാരായണൻ 51,640 രൂപ നൽകി സ്കൂട്ടർ വാങ്ങിയിരുന്നു . വണ്ടി ഉപയോഗിച്ചു വരവെ നിരന്തരം വ്യത്യസ്ത തകരാറുകൾ കാട്ടുകയായിരുന്നു. ഡീലറുടെ അടുത്ത് പരാതിപ്പെട്ടുവെങ്കിലും തകരാറുകൾ പരിഹരിക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു .
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി വാഹനത്തിൻ്റെ ഉലച്ചിൽ, വാഹനം ഓടുമ്പോളുള്ള അസാധാരണ ഇളക്കം, ഷോക്ക് അബ്സോർബർ സൃഷ്ടിക്കുന്ന കുലുക്കം തുടങ്ങിയ തകരാറുകൾ പരിഹരിക്കണമെന്നും ക്ലച്ച് യൂണിറ്റും ഷോക്ക് അമ്പ്സോർബറും മാറ്റി നൽകണമെന്നും നഷ്ടപരിഹാരമായി 25,000 രുപയും ചിലവിലേക്ക് 1,000 രൂപയും നൽകണമെന്നും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി