ദേശീയപാത 66 സ്ഥലമേറ്റെടുപ്പ്;രേഖകൾ കൈമാറിയാൽ ഉടൻ തുക കൈപ്പറ്റാം
ചാവക്കാട് : ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 5090 കോടി ജില്ലയ്ക്ക് ലഭിച്ചതായി കലക്ടർ ഹരിത വി കുമാർ അറിയിച്ചു. സ്ഥലം നൽകുന്നവർക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി അധികൃതർ ദ്രുതഗതിയിൽ മുന്നോട്ടു പോകുകയാണ്. ഇനിയും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഭൂരേഖകൾ കൈമാറി തുക കൈപ്പറ്റാത്തവർ ബന്ധപ്പെട്ട രേഖകളുമായി എത്രയും പെട്ടെന്ന്ഡെപ്യൂട്ടി കലക്ടർ, എൽ എ എൻ എച്ച്, കൊടുങ്ങല്ലൂർ ഓഫീസുമായി ബന്ധപ്പെടുക.
കൃത്യമായ രേഖകൾ ഹാജരാക്കുന്നവർക്ക് ഉടൻ തന്നെ തുക അക്കൗണ്ടിലെത്തും. കോവിഡ് കാലത്ത് ഇത്രയും തുക ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത് വലിയ കാര്യമാണെന്നും കലക്ടർ പറഞ്ഞു. ജില്ലയ്ക്ക് 5090 കോടി ലഭ്യമായതിൽ 138 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു.
ആധാരം/പട്ടയം, അടിയാധാരങ്ങൾ (24 വർഷത്തിൽ കൂടുതൽ), കുടിക്കട സർട്ടിഫിക്കറ്റ്, നികുതി രശീതി (നടപ്പ് വർഷം), ബാധ്യതാ രഹിത കൈവശ സർട്ടിഫിക്കറ്റ്, പണയപ്പെടുത്തിയ രേഖ, കക്ഷി നേരിൽ ഹാജരാകുന്നില്ലെങ്കിൽ ആയതിന് ചുമതലപ്പെടുത്തിയ രേഖ, തിരിച്ചറിയൽ രേഖ, സർവ്വെ നമ്പർ പൂർണമായും തെറ്റാണെങ്കിൽ തെറ്റ് തിരുത്താധാരം, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിൻ്റെ പേര്, ഐഎഫ്എസ് സി കോഡ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.
63.5 കിലോമീറ്റർ ദേശീയപാത വികസനത്തിനായി 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയും തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുമായി രണ്ട് സെക്ടറായി തിരിച്ചാണ് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നത്.