ചൈനയുടെ സിനോഫാം ഉപയോഗിക്കുന്നിടങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു
വാഷിംഗ്ടണ്‍: ചൈനയുടെ വാക്‌സിനായ സിനോഫാം കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നു. സിനോഫാം വാക്‌സിന്‍ ഉപയോഗിച്ച രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
മംഗോളിയ, ചിലി, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ സിനോഫാം വാക്‌സിനാണ് സ്വീകരിച്ചത്. ഇവിടെ ഏകദേശം 50 ശതമാനം മുതല്‍ 68 ശതമാനം പേര്‍ വരെ വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ വീണ്ടും കോവിഡ് ശക്തിപ്രാപിക്കുകയാണ്.
സിനോഫാം ഫലപ്രദമാണെങ്കില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരേണ്ട കാര്യമില്ലെന്നാണ് ഹോങ്കോങ് സര്‍വ്വകലാശാലയിലെ വൈറോളജിസ്റ്റ് ജിന്‍ ഡോങ്യാന്‍ പറയുന്നത്.
ചൈനയുടെ രണ്ട് വാക്‌സിനുകളായ സിനോഫാം വാക്‌സിനും സിനോവാക് വാക്‌സിനും യഥാക്രമം 78 ശതമാനവും 51 ശതമാനവും ഫലപ്രാപ്തിയേ ഉള്ളൂ. അതേ സമയം ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് 90 ശതമാനം ഫലപ്രാപ്തിയുണ്ട്. കോവിഷീല്‍ഡിനും ഫലപ്രാപ്തി കൂടുതലാണ്. ഈ വിമര്‍ശനങ്ങളോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.