മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷ, ആഞ്ഞടിച്ച് സുധാകരൻ
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പി.ആർ. ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന യഥാർഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്പുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാനില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതാണ് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഇക്കാര്യം പറഞ്ഞ ആൾക്ക് പേരും മേൽവിലാസവും ഇല്ലെയെന്നും സുധാകരൻ ചോദിച്ചു. ഭീഷണി സംബന്ധിച്ച് കാര്യം ആദ്യം പറയേണ്ടത് പൊലീസിനോടല്ലേ എന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.ബ്രണ്ണൻ കോളജിൽവെച്ച് പിണറായിയെ ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ല. സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തിൽ വന്നത്. തന്നെ അർധ നഗ്നനാക്കി ഒാടിച്ചെന്ന് പറയുന്നത് നുണയാണ്. ബ്രണ്ണൻ കോളജിൽ ഉണ്ടായിരുന്ന ആരെങ്കിലും ഇത് ശരിയെന്ന് പറയുമോ എന്ന് സുധാകരൻ ചോദിച്ചു.
ഏതെങ്കിലും മാഫിയ ഗ്രൂപ്പുകളുമായി തനിക്ക് ബന്ധമുണ്ടെങ്കിൽ തെളിയിക്കണം. പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.പിണറായിക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നേരിട്ട കാര്യങ്ങൾ പേപ്പറിൽ നോക്കി പറയേണ്ട ഗതികേടാണ്. അവ്യക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രി പദത്തിന് ചേർന്നതല്ല. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം താൻ അവസാനിപ്പിക്കും. പിണറായി തന്നെ വിരട്ടാൻ നോക്കേണ്ടെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും തമ്മിൽ നേർക്കുനേർ വാക്പോരാണ് നടക്കുന്നത്.
തലശ്ശേരി ബ്രണ്ണൻ കോളജിലെ പഠന കാലത്ത് പിണറായി വിജയനെ മർദിച്ചെന്ന് കെ. സുധാകരൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങേളാടുള്ള പ്രതികരണമായാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചത്. കോളജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്നും പിണറായി ചോദിച്ചു. സുധാകരന് തന്നെ ചവിട്ടിവീഴ്ത്താൻ മോഹമുണ്ടാകും.വിചാരിക്കുന്ന േപാലെ വിജയെന വീഴ്ത്താനാകില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് ഒരിക്കൽ തന്നോട് പറഞ്ഞതായും പിണറായി ആരോപിച്ചിരുന്നു
ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോർട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാൻ ആണോ മാഫിയ എന്ന് ജനം പറയട്ടെ. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. മമ്പറം ദിവാകരനും എകെ ബാലനും ബ്രണ്ണൻ കോളേജിൽ വന്നത് 1971 ലാണ്. ഈ സംഭവം നടക്കുമ്പോൾ അവർ കോളേജിൽ ഇല്ല. പേരാമ്പ്ര സ്വദേശിയായ ഫ്രാൻസിസും പിണറായിയും തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഫ്രാൻസിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു