ലോക്ക്‌ഡൗണ്‍, കർശന പരിശോധനയുമായി പോലീസ്
തിരുവനന്തപുരം : കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ സംസ്‌ഥാനത്ത് ഇന്ന് രാവിലെ ആറിനു നിലവില്‍വന്നു. 16-നു രാത്രി 12 വരെയാണു ലോക്ക്‌ഡൗണ്‍. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ലോക്ക്‌ഡൗണ്‍ കാലയളവില്‍ അത്യാവശ്യകാര്യങ്ങള്‍ക്കു പുറത്തുപോകാന്‍ പോലീസ് പാസ് ആവശ്യമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത്, കര്‍ശന നിയമനടപടി കൈക്കൊള്ളും. മറ്റ് സംസ്‌ഥാനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി യാത്രചെയ്യുന്ന വാര്‍ഡ്‌തല സമിതി അംഗങ്ങള്‍ക്കു പാസ് നല്‍കും. കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
അധികനിയന്ത്രണങ്ങള്‍
അന്തര്‍ജില്ലാ യാത്രകള്‍, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്‌ഥലത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പാസ് അനുവദിക്കും.
യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി സത്യവാങ്‌മൂലം കരുതണം.
ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്റെ മാസത്തവണ വാങ്ങാനുമുള്ള യാത്രയ്‌ക്കു വിലക്ക്.
തട്ടുകടകള്‍ തുറക്കരുത്.
വാഹന വര്‍ക്‌ഷോപ്പ് ആഴ്‌ചാവസാനം രണ്ടുദിവസം.
ഹാര്‍ബര്‍ ലേലം പാടില്ല.
ബാങ്കുകള്‍ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസം മാത്രം.
ഹോട്ടല്‍/റസ്‌റ്റൊറന്റ് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ. പാഴ്‌സല്‍/ഹോം ഡെലിവറി മാത്രം.
സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍/ഇന്‍ഷുറന്‍സ് സ്‌ഥാപനങ്ങള്‍/ധനകാര്യസ്‌ഥാപനങ്ങള്‍/ക്യാപിറ്റല്‍ ആന്‍ഡ് ഡെബ്‌റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍/സഹകരണ ക്രെഡിറ്റ് സൊെസെറ്റികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.
നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ 25,000 പോലീസ് ഉദ്യോഗസ്‌ഥര്‍.
ഗുരുതരരോഗികള്‍ക്കു ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ ഹൈവേ പോലീസിനു ചുമതല.
ഇളവുകള്‍
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രി നല്‍കുന്ന രേഖകള്‍ കാണിച്ച് യാത്രചെയ്യാം.
അഭിഭാഷകര്‍ക്കുംക്ല ര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗികാവശ്യങ്ങള്‍ക്കു യാത്രചെയ്യാം.
മരണാനന്തരച്ചടങ്ങുകള്‍, നേരത്തേ നിശ്‌ചയിച്ച വിവാഹം എന്നിവയ്‌ക്കു കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് ജില്ല വിട്ട് യാത്രചെയ്യാം. സത്യപ്രസ്‌താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം
ഭക്ഷണം, മെഡിക്കല്‍ വസ്‌തുക്കള്‍ പായ്‌ക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്കും വിദേശത്തേക്കു സാധനങ്ങള്‍ അയയ്‌ക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം
ഗതാഗതം, വനിതാ-ശിശുക്ഷേമം, ഡെയറി ഡെവലപ്‌മെന്റ്‌്, നോര്‍ക്ക വകുപ്പുകളെ ലോക്ക്‌ഡൗണില്‍നിന്ന് ഒഴിവാക്കി.
പെട്രോനെറ്റ്, എല്‍.എന്‍.ജി, വിസ കോണ്‍സുലര്‍ സര്‍വീസ് ഏജന്‍സികള്‍, റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, കസ്‌റ്റംസ് സര്‍വീസ്, ഇ.എസ്.ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ഒഴിവാക്കി.
ചരക്കുഗതാഗതത്തിനു തടസമില്ല.
ഓണ്‍ലൈന്‍ സംവിധാനം ഇന്നു മുതല്‍
പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ട് നിലവില്‍ വരുമെന്നു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ.
അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ലോക്‌ഡൗണ്‍ സമയത്തു യാത്ര ചെയ്യാന്‍ അവരുടെ സ്‌ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്കു പോലീസ് പാസിന്റെ ആവശ്യമില്ല.
വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന്(ശനിയാഴ്‌ച) സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയില്‍ കരുതി യാത്ര ചെയ്യാം.
അതിനുശേഷം ഞായര്‍ മുതല്‍ ഇവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസിന് അപേക്ഷിക്കണം. ഇരു വശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്‌ഥലത്തുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കും.