തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം
തൃശൂർഃ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ കുട്ടനെല്ലൂർ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ദാരുണമായ അപകടത്തെത്തുടര്‍ന്ന് പൂരത്തിന്‍റെ തുടര്‍ചടങ്ങുകള്‍ പേരിനു മാത്രമാക്കി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ 2021 ലെ പൂരം ഉപചാരം ചൊല്ലി പിരിഞ്ഞു.
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ചെറിയ രീതിയിൽ തടസപ്പെട്ടു.
സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. പൂരത്തിന്റെ വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടിയും പാറമേക്കാവും പിന്മാറി. കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനായി വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞിരുന്നു. അതിനാൽ വെടിക്കോപ്പ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പൊട്ടിച്ചു കളയുമെന്ന് ദേവസ്വം അധികൃതർ പ്രതികരിച്ചു. പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിനായി ഒരുക്കിയ വെടിക്കോപ്പുകൾ പൊട്ടിച്ചു തീർത്തു. വെടിക്കോപ്പുകൾ കുഴികളിൽ നിറച്ചതിനാൽ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതർ വ്യക്തമാക്കി. ഫലത്തിൽ പൊട്ടച്ചി തീർക്കൽ വെടിക്കെട്ടു തന്നെയായി മാറി. തിരുവമ്പാടിയായിരുന്നു ആദ്യം തീ കൊളുത്തിയത്. നഗരത്തെ പ്രകമ്പനം കൊള്ളിച്ചായിരുന്നു വെടിക്കോപ്പുകൾ പൊട്ടിയത്. തിരുവമ്പാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികൾ നേരത്തെ ഒരുക്കിയിരുന്നു.
വെടിക്കെട്ട് സാമഗ്രികൾ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാൽ ആണ് പൊട്ടിച്ച് നശിപ്പിക്കാൻ തീരുമാനമെടുത്തത്. ദേശക്കാരെ പൂർണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അപകടം ഇല്ലാതിരിക്കാൻ പല തവണ വെടിക്കെട്ട് സാമഗ്രികൾ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോൾ പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.