തമിഴ്നാട്പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട് ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്. സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സ്ഫോടനമുണ്ടായത്. തുടര്‍ സ്ഫോടനങ്ങള്‍ കുറേ സമയത്തേക്ക് തുടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സിനും പൊലീസിന് ആദ്യം സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സാത്തൂര്‍, ശിവകാശി, വെമ്ബകോൈട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തേക്ക് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പടക്ക നിര്‍മാണം നടത്തുന്ന നാല് കെട്ടിടങ്ങളെങ്കിലും തകര്‍ന്നുവെന്നാണ് നിഗമനം.
ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്ക്സ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 12 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 24 പേരെ വിരുദനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്