നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.
കണ്ണൂർ∙ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തെ അതിജീവിക്കുമെന്ന ഘട്ടത്തിലാണ് അവിചാരിതമായി മരണത്തിനു കീഴടങ്ങിയത്. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി.
ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്.. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്.”.