എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകും : കെ മുരളീധരൻ
ഗുരുവായൂർ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകുമെന്ന് കെ മുരളീധരൻ എം പി . സി പി എം പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് വിജയിച്ചിടത്ത് കോൺഗ്രസ് പ്രവർത്തകന്റെ കയ്യും കാലും വെട്ടിയാണ് സി പി എം പക തീർത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എം.എൽ.എ.യും ,കെ.പി.സി.സി.
ജനറൽ സെക്രട്ടറിയും ഖാദി ബോഡ് വൈസ് ചെയർമാനും ഗുരുവായൂർ കോഓപറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമായിരുന്ന അഡ്വ: വി. ബാലറാം സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും പ്രഥമഅനുസ്മരണ സമ്മേളനവും .ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
കണക്കുകളുടെ കവിടി നിരത്തി സായൂജ്യമടയുന്ന നേതൃത്വമല്ല, മറിച്ച് ത്യാഗസന്നദ്ധതയും ആത്മാർത്ഥതയും സന്നിവേശിപ്പിച്ച വി.ബാലറാമിനെപ്പോലുള്ളവരുടെ മാതൃകാപരമായ നേതൃത്വമാണ് കോൺഗ്രസ്സിന് ഈ ദുർഘട സന്ധിയിൽ അനിവാര്യമെന്ന് കെ.മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. ആശയാധിഷ്ഠിതമായ ഗ്രൂപ്പല്ല, ആമാശയ നിവൃത്തിയുടെ ഗ്രൂപിനടിപ്പെട്ടതാണ് സംഘടനയുടെ പരാജയ കാരണമെന്നും ആത്മവിമർശനമദ്ധ്യേ അദ്ദേഹം തുറന്നു പറഞ്ഞു. 2011 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഡി.സി.സി.പ്രസിഡണ്ടെന്ന നിലക്ക് വി.ബാലറാം നൽകിയ സംഭാവന എക്കാലവും കോൺഗ്രസ്സ് പ്രവർത്തകർക്ക് മാതൃകയാണെന്നും മുരളീധരൻ തുടർന്നു പറഞ്ഞു.
ട്രസ്റ്റ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ, കെ.പി.സി.സി സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം പി.കെ.അബൂബക്കർ ഹാജി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസി:മിസ്രിയ മുസ്താഖ് അലി, അർബൻ ബാങ്ക് പ്രസിഡണ്ട് വി.വേണുഗോപാൽ, ബാർ കൗൺസിൽ ഓഫ് ഇൻഡ്യ മുൻ എക്സി: ചെയർമാൻ ടി.എസ്.അജിത്, ട്രസ്റ്റ് സെക്രട്ടറി വി.കെ.ജയരാജൻ, യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ കെ.നവാസ്, ടി.എൻ.മുരളി, ജി.കെ.പ്രകാശ്, പ്രസ് ക്ലബ് പ്രസി:ആർ.ജയകുമാർ, അരവിന്ദൻ പല്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ, വിദ്യാഭ്യാസ, ചികിത്സാ സഹായ, പെൻഷൻ വിതരണോദ്ഘാടനങ്ങളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.