ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ കോവിഡ് പരിശോധന കിയോസ്ക് സ്ഥാപിക്കും

ചാവക്കാട്: നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡിൽ കോവിഡ്-19 പരിശോധന നടത്തുന്നതിന് കിയോസ്ക് സ്ഥാപിക്കാൻ ഭരണാനുമതി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയില്‍ നടപ്പാക്കിയ നിലാവ് പദ്ധതി ഇരുട്ട് പദ്ധതിയായെന്ന് കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങളുടെ വിമര്‍ശനം.പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നും കേടുവന്നാല്‍ നന്നാക്കുന്നില്ല , വര്‍ഷത്തില്‍ 20 ലക്ഷം രൂപ കരാറുകാരന് അറ്റകുറ്റപണിക്കായി നല്‍കുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും യു.ഡി.എഫ്. അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. എല്‍.ഇ.ഡി. വിളക്കുകള്‍ നാശമായാല്‍ പകരം സി.എഫ്.എല്‍. വിളക്കുകളാണ് ഇടുന്നതെന്നും ,കേടായ വിളക്കുകള്‍ 48 മണിക്കൂറിനകം മാറ്റിസ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ആഴ്ചകള്‍ കഴിഞ്ഞാലും വിളക്കുകള്‍ മാറ്റുന്നില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.വിഷയത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് നഗരസഭാ അധ്യക്ഷ മറുപടി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ തദേശസ്ഥാപനങ്ങളിലെയും തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി.യാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ”നിലാവ്”. ചില വാര്‍ഡുകളില്‍ മാത്രമാണ് വിളക്കുകള്‍ കത്താത്തതെന്നും മറ്റിടങ്ങളില്‍ പ്രശ്‌നമില്ലെന്നും എല്‍.ഡി.എഫ്. അംഗം എം.ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു.നഗരസഭാ പരിധിയിലെ ഇലക്ട്രീഷന്‍മാര്‍ക്ക് താത്കാലിക നിയമനം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന യു.ഡി.എഫ്. നിര്‍ദേശം പരിഗണിക്കാമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു.

നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പും വാര്‍ഡ് സഭകളും ചേരാന്‍ തീരുമാനിച്ചു.വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ലഭിച്ച 20 ലക്ഷം രൂപയുടെ ഓഫറുകള്‍ അംഗീകരിച്ചു.നഗരസഭിലെ ശുചീകരണ ജീവനക്കാരുടെ എണ്ണം ഇരുപതില്‍നിന്ന് ആനുപാതികമായി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടാനും തീരുമാനിച്ചു.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി മൂന്ന് മസ്റ്ററിംഗ് ഉപകരണങ്ങള്‍ വാങ്ങും.ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിയ്ക്കുന്ന അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് വിപണനം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാരിലേര്‍പ്പെടാനും ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, കെ.വി.സത്താര്‍, വി.ജെ.ജോയ്‌സി, ഷാഹിദ മുഹമ്മദ്, ബുഷറ ലത്തീഫ്, ഷാഹിന സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.