
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കി സിഎജിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ ഓരോ വ്യക്തിയെയും പണയപ്പെടുത്തി സര്‍ക്കാരെടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതകളായി മാറുമെന്നത് ഉള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോണ്ടുകള്‍ മുതലായവ മുഖാന്തിരം 3,106.57 കോടി രൂപയാണ് കിഫ്ബി കടമെടുത്തത്.
കിഫ്ബിക്ക് കൈമാറാനായി സ്വന്തം വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിവെച്ച പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവയില്‍ നിന്നാണ് ഇത് തിരിച്ചടക്കേണ്ടത്. ഈ കടമെടുപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മസാല ബോണ്ടുകള്‍ വഴി ലഭ്യമായ 2,150 കോടിയും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കിഫ്ബിക്ക് വരുമാന സ്രോതസുകളൊന്നും ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയ കിഫ്ബിയുടെ കടമെടുപ്പുകള്‍ ആത്യന്തികമായി സംസ്ഥാനത്തിന്റെ പ്രത്യേക്ഷ ബാധ്യതകളായി മാറും. ഇത്തരം കടമെടുപ്പുകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്ന പക്ഷം പതിനാലാം ധനകാര്യകമ്മീഷന്റെയും കേരള സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലെയും ധനക്കമ്മിയുടെ മൂന്ന് ശതമാനമെന്ന പിരിധിയും കടം ജിഎസ്ഡിപി അനുപാതത്തിന്റെ 30 ശതമാനമെന്ന പരിധിയും മറികടക്കുന്നതിന് അനിവാര്യമാക്കും. നിലവില്‍ ധനക്കമ്മി 3.45 ശതമാനമാണ്. കടമാകട്ടെ, ജിഎസ്ഡിപി അനുപാതത്തിന്റെ 30.91 ശതമാനവും. ഇത്തരം കടമെടുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 293(1) വകുപ്പിന് അനുസൃതവുമല്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയില്‍ വിപണി വായ്പകള്‍ക്ക് പ്രമുഖ പങ്കുണ്ട്. ഇത് 54 ശതമാനമാണ്. 2018-19 കാലയളവില്‍ സംസ്ഥാനത്തിന് വികസന കാര്യങ്ങള്‍ക്ക് വേണ്ടി ലഭ്യമായ കടം 3168 കോടി രൂപ മാത്രമാണ്. പൊതുകടമാകട്ടെ വരവിന്റെ 13 ശതമാനം മാത്രം. കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖ പ്രകാരം കടത്തിന്റെ ഏകദേശം 51.22 ശതമാനം, അതായത് 81,056.92 കോടി രൂപ 2026 മാര്‍ച്ചിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സംസ്ഥാന സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ വിശദമായ കാഴ്ചപ്പാടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ഇപ്രകാരമാണ്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ കമ്മി 13,796 കോടിയായിരുന്നു. എന്നാലത് ഇപ്പോള്‍ 17,462 കോടിയായി വര്‍ധിച്ചു.
ധനക്കമ്മി യുഡിഎഫ് കാലത്ത് 18,642 കോടിയായിരുന്നു. ഇപ്പോഴത് 26,958 കോടിയായി ഉയര്‍ന്നു. മിതകാല സാമ്പത്തിക സാമ്പത്തിക പദ്ധതിയിലും കേരള സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലുമുള്ള ലക്ഷ്യങ്ങളൊന്നും കൈവരിക്കുന്നതിന് പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ധനക്കമ്മി ജിഎസ്ഡിപി അനുപാതം മൂന്ന് ശതമാനത്തില്‍ നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 3.4 ശതമാനമായി ഉയര്‍ന്നുവെന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
