മാതാവിനെതിരായ പോക്സോ കേസ്, അച്ഛൻ മർദിച്ചു പറയിപ്പിച്ചതെന്ന് ഇളയ മകൻ .
തിരുവനന്തപുരം : ആറ്റിങ്ങലിൽ മകന്റെ പരാതിയിൽ അമ്മ പോക്സോ കേസിൽ അറസ്റ്റിൽ ആയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകൻ രംഗത്ത്. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി മർദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയിൽ പറയുന്നു
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പാണ് പോക്സോ പ്രകാരം 13 വയസ്സുകാരൻെറ മാതാവ് അറസ്റ്റിലായത്. യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ കേസുകൾ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളിൽ നിന്നും രക്ഷപ്പെടുന്നത് ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.
ബി.എസ്.സി വിദ്യാർഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.
2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് കേസും അറസ്റ്റും ഉണ്ടായത്.
ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. പൊലീസുമായി സഹകരിച്ചാണ് ഇത്തരത്തിൽ വ്യാജ കേസ് ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസിനെതിരെ സമരപരിപാടികൾക്ക് ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
“,