ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്‌ച കളഭാട്ടം നടക്കും , മണ്ഡലം സമാപനദിന ത്തിലാണ് ഭഗവാൻ കളഭത്തിലാറാടുന്നത് . ശനിയാഴ്ച ത്തെ കളഭാഭിഷേകവും, ഉച്ചപൂയും ക്ഷേത്രം തന്ത്രി മുഖ്യന്‍ നിര്‍വ്വഹിയ്ക്കും. ശ്രീഗുരുവായൂരപ്പന് ദിവസവും കളഭ ചാര്‍ത്തുണ്ടെങ്കിലും, കളഭാഭിഷേകം മണ്ഡലം 41-ന് മാത്രമാണ് നടത്തുന്നത്. മൈസൂര്‍ ചന്ദനം, കാശ്മീര്‍ കുങ്കുമപൂവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ എന്നിവ ചേര്‍ത്ത വിശേഷ കളഭക്കൂട്ട്, ക്ഷേത്രം തന്ത്രി നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് പൂജചെയ്യും. സ്വര്‍ണ്ണകുംഭത്തില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധപൂരിതമായ കളഭം, പന്തീരടി പൂജകഴിഞ്ഞ് നവകാഭിഷേകത്തിനുശേഷം ഭഗവാന് അഭിഷേകം ചെയ്യും.
മണ്ഡലകാലത്ത് 40-ദിവസം ഭഗവാന് പഞ്ചഗവ്യവും, 41-ാം ദിനം കളഭാഭിഷേകവുമാണ് അഭിഷേകം ചെയ്യുക. കോഴിക്കോട് സാമൂതിരി രാജയുടെ വഴിപാടാണ് ശനിയാഴ്ചത്തെ കളഭാട്ടം. ഞായറാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്ല്യ ദര്‍ശനംവരെ ഭഗവാന്റെ മൂലവിഗ്രഹം കളഭത്തിലാറാടി നില്‍ക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടെ വകയായി കളഭാട്ടവിളക്കും ആഘോഷിയ്ക്കും. രാവിലെ 9-ന് പഞ്ചമദ്ദള കേളി, സന്ധ്യക്ക് ദീപാലങ്കാരം, രാത്രി ഇടയ്ക്കാ നാദസ്വരത്തോടേയുള്ള പ്രദക്ഷിണവും, കൂടാതെ വിളക്കെഴുന്നെള്ളിപ്പും ഉണ്ടാകും. വൈകുണ്ഠ ഏകാദശി ദിനമായ നാളെ , ക്ഷേത്രത്തില്‍ ഏകാദശി ചുറ്റുവിളക്ക് ആഘോഷിയ്ക്കും. വൈകു ണ്ഠ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ബ്രഹ്മണസമൂഹത്തിന്റെ വക വഴിപാടായി രാത്രി വിളക്കെഴുന്നെള്ളിപ്പും ഉണ്ടായിരിയ്ക്കും. രാത്രി വിളക്കിന് നാലാമത്തെ പ്രദക്ഷിണത്തില്‍ ശ്രീഗുരുവായൂരപ്പന്‍ എഴുന്നെള്ളുമ്പോള്‍, ക്ഷേത്രം ചുറ്റമ്പലത്തിലും, നാലമ്പലത്തിലും നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനില്‍ക്കും.