Madhavam header
Above Pot

തിരഞ്ഞെടുപ്പ് : കോവിഡ് -19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി

തൃശൂർ : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേദിവസവും പോളിംഗ് ദിവസവും അണുവിമുക്തമാക്കണം. വിതരണം നടത്തുന്നതിനും തിരികെ വാങ്ങുന്നതിനും ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളും തലേ ദിവസം അണുവിമുക്തമാക്കണം. കൂടാതെ പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.
പോളിംഗ് ബൂത്തിന് പുറത്ത് വെളളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും കരുതണം. പോളിംഗ് ബൂത്തിന് മുന്നില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് വരിയായി നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യുകയും വേണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

Astrologer

മാസ്‌ക്ക് ശരിയായ രീതിയില്‍ മൂക്കും വായും മൂടുന്ന തരത്തില്‍ ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക്ക് താഴ്ത്തരുത്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക്ക് മാറ്റാം. രജിസ്ട്രറില്‍ ഒപ്പിടാനുളള പേന കയ്യില്‍ കരുതണം. ബൂത്തിലേക്ക് കുട്ടികളെ കൊണ്ടുപോകരുത്. വോട്ട് ചെയ്ത ശേഷം ഉടനെ തിരിച്ച് പോകുകയും ഹസ്തദാനം ഒഴിവാക്കുകയും വേണം.

പോളിംഗ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാര്‍ക്കും മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യണം.
എല്ലായ്പ്പോഴും രണ്ടുമീറ്റര്‍ ശാരീരിക അകലം പാലിക്കണം. പോളിംഗ് ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാരെ മാത്രം അനുവദിക്കുക. ഭക്ഷണ ഇടവേളകളില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചിരിക്കാതെ ഓരോരുത്തരായി പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപെടാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Vadasheri Footer